weather kerala 14/06/24: മഴ കുറയുന്നു; കൃഷിപ്പണികൾക്ക് അനുകൂല കാലാവസ്ഥ
weather kerala 14/06/24 ഒഡിഷക്ക് മുകളിൽ കഴിഞ്ഞ ദിവസം നിലകൊണ്ട ചക്രവാത ചുഴി (cyclonic circulation) ബംഗാൾ ഉൾക്കടലിന് മുകളിൽ ദുർബലമായതോടെ ഇന്നലെ രാവിലെ റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ കേരളത്തിൽ മഴ കുറഞ്ഞു. ഒറ്റപ്പെട്ട മഴ വടക്കൻ ജില്ലകളിൽ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മഴയുടെ അളവ് കുറവായിരുന്നു.
കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. മറ്റു ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു മഴ കുറവായിരുന്നു. ഇന്നും സമ്മാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. വടക്കൻ തമിഴ്നാട്ടിൽ ചിലയിടങ്ങളിൽ നിന്ന് മഴ ലഭിക്കും. കർണാടകയുടെ തീരദേശത്തും കൊങ്കൺ മേഖലയിലും മഴ സാധ്യത.
അറബിക്കടലിൽ ഒരു ചക്രവാത ചുഴി ഇന്നലെ രാത്രി ദൃശ്യമായിട്ടുണ്ട്. ഇത് കേരളത്തിലേക്ക് എത്തുന്ന മേഘങ്ങളെ തടയും. ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രപ്രകാരം കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള കടൽ മേഖലയിൽ മേഘങ്ങൾ ഉണ്ടെങ്കിലും അവ കരകയറുന്നില്ല. ഈ മേഖലയിൽ കടലിൽ ഇന്ന് മഴ ലഭിക്കാനാണ് സാധ്യത.
അതേസമയം, കൊങ്കൺ മേഖലയിൽ അടുത്ത ആഴ്ച മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനം വടക്കൻ കേരളത്തിലും ലഭിച്ചേക്കും.
ഇന്നലെ ചക്രവാത ചുഴി ഒഡീഷയുടെ ഭാഗത്തായിരുന്നു. അന്തരീക്ഷത്തിന്റെ മിഡ് ലെവലിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. അതിനാൽ അന്തരീക്ഷത്തിൻ്റെ താഴ്ന്ന ഉയരങ്ങളിൽ കാലവർഷക്കാറ്റ് സ്വാധീനിക്കുന്നത് കുറഞ്ഞു. കേരളതീരത്ത് ഒറ്റപ്പെട്ട മേഘങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ കരകയറിയിരുന്നില്ല.
കർഷകർക്ക് വളമിടാം
കേരളത്തിൽ പൊതുവേ അടുത്ത ദിവസങ്ങളിൽ മഴ കുറയാനാണ് സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ഇടക്ക് ലഭിക്കും. മറ്റൊരു അന്തരീക്ഷ സിസ്റ്റം രൂപപ്പെട്ട് അനുകൂല അന്തരീക്ഷം വന്നാലേ ഇനി തുടർച്ചയായ ശക്തമായ മഴക്ക് സാധ്യതയുള്ളൂ. അതിനാൽ കൃഷിപ്പണികളും വളമിടലും മറ്റും നടത്താൻ അനുയോജ്യമായ സമയമാണ് ഇപ്പോൾ.
അടുത്തയാഴ്ചയോടെ കൊങ്കൺ മേഖലയിൽ മഴ ശക്തി പ്രാപിച്ചു വടക്കൻ കേരളത്തിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ മധ്യ തെക്കൻ ജില്ലകളിലെ മഴ കുറവ് തുടരും. വടക്കൻ ജില്ലകളിൽ ഉള്ളവർക്ക് തെങ്ങിന് തടമിടാനും മറ്റും അനുകൂല അന്തരീക്ഷമാണ്.
ബംഗാൾ ഉൾക്കടൽ സിസ്റ്റം വൈകുന്നു
സാധാരണ ഈ മാസങ്ങളിലായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴികളും ആണ് കാലവർഷക്കാറ്റിനെ കേരളത്തിന്റെ മുകളിൽ സജീവമാക്കി നിർത്തുകയും ഇതോടനുബന്ധിച്ച് തുടർച്ചയായ മഴ നൽകുകയും ചെയ്തിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള സിസ്റ്റങ്ങൾ ബംഗാൾ ഉൾക്കടലിന് മുകളിൽ ഇതുവരെ രൂപപ്പെട്ടിട്ടില്ല. അതിനാലാണ് മഴ ദുർബലമായത്.
ചൈന കടലിലും പസഫിക് സമുദ്രത്തിലും ആയി ന്യൂനമർദ്ദങ്ങൾ അടുത്തയാഴ്ച രൂപപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇത് ചൈന, ഹോങ്കോങ്, ജപ്പാൻ തായ്‌ലൻഡ് കേരള തീരം തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമാകും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.