kerala weather 09/03/25 : ഇന്ന് ചൂട് കൂടുന്നതും മഴ ലഭിക്കുന്നതുമായ പ്രദേശങ്ങൾ ; മറ്റന്നാൾ മുതൽ മഴ
കേരളത്തിൽ ഇന്നും പകൽ ചൂട് കൂടും. താപനില വർധിക്കുന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പില്ല. മറ്റന്നാൾ മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം / ശക്തമായ മഴക്കുള്ള മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ കേരളത്തിൽ തെക്കൻ ജില്ലകളിൽ ഇടത്തരം മഴ ലഭിച്ചു. കോട്ടയം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ രേഖപ്പെടുത്തിയത്.
കേരളത്തിൽ ഇന്നും ചൂട് കൂടിയ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ നാളെ കേരളത്തിൽ ചൂട് മുന്നറിയിപ്പ് ഇല്ല. മാർച്ച് 11 മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. കഴിഞ്ഞ ദിവസം ഉൾനാടൻ തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി ഇന്ന് ദുർബലമായി. തെക്കൻ കേരളത്തിൽ മഴ നൽകിയിരുന്നതിൽ ഈ സിസ്റ്റത്തിന്റെ സ്വാധീനം കൂടി ഉണ്ടായിരുന്നു.
കേരളത്തിൽ 35 % മഴക്കുറവ്
കേരളത്തിൽ മാർച്ച് 1 മുതൽ 8 വരെ ലഭിക്കേണ്ട മഴയുടെ കണക്ക് പരിശോധിച്ചാൽ 35% മഴ കുറവുണ്ട്. ഈ കാലയളവിൽ 8.6 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ 6.4 mm മഴ ആണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം ലക്ഷദ്വീപിൽ 281 % അധികമഴയും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപിന് സമീപം കനത്ത മഴ ഉണ്ടായിരുന്നു.
മാലദ്വീപിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്ന് ആണ് മഴ ലഭിച്ചത്. മാലദ്വീപ്, ശ്രീലങ്ക, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. കേരളത്തിൽ വയനാട്, കണ്ണൂർ ജില്ലകളിലാണ് 100% വേനൽ മഴ കുറവുള്ളത്.
98% കുറവുള്ള കാസർകോടും 94% കുറവ് ഉള്ള തൃശ്ശൂരുമാണ് ഏറ്റവും പിന്നിൽ.
തെക്കൻ കേരളത്തിൽ മഴ കൂടി
തെക്കൻ കേരളത്തിൽ ഇതിനകം തന്നെ വേനൽ മഴ കൂടുതൽ ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിൽ 348 % അധിക മഴയാണ് ലഭിച്ചത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് മലപ്പുറം ജില്ലയിൽ 225 % അധിക മഴ ലഭിച്ചു.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
ചെങ്ങന്നൂർ, കറുകച്ചാൽ, ആലപ്പുഴ, ഈരാറ്റുപേട്ട, വൈക്കം, പൈനാവ്, കായംകുളം എന്നിവിടങ്ങളിൽ രാത്രി മഴ സാധ്യത.
ഇന്ന് ചൂട് കൂടുന്ന പ്രദേശങ്ങൾ
പാലക്കാട് ജില്ലയിൽ മക്കയിടങ്ങളിലും താപനില 40 ഡിഗ്രിയോട് അടുത്ത് രേഖപ്പെടുത്തും. ഒറ്റപ്പാലം, ഒലവക്കോട്, കോങ്ങാട്, വടക്കഞ്ചേരി, നെന്മാറ, ചിറ്റൂര് , മുണ്ടൂര് , കഞ്ചിക്കോട് കൊല്ലങ്കോട് എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിനും 40 നും ഇടയിൽ ഇന്ന് താപനില രേഖപ്പെടുത്താൻ സാധ്യത.
നാളെ ചൂട് പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മേഖലകളിലേക്ക് മാറും. തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ആളൂർ മേഖലകളിലും നാളെ 38 ഡിഗ്രി രേഖപ്പെടുത്താം.