kerala weather low pressure formed 14/11/23 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിൽ ന്യൂനമർദം (low pressure area) രൂപപ്പെട്ടു. കഴിഞ്ഞ ദിവസം തായ്ലന്റ് കടലിടുക്കിൽ രൂപപ്പെട്ട ചക്രവാത ചുഴി (cyclonic circulation) ഇന്നലെ ആൻഡമാൻ കടലിനു സമീപം എത്തുകയും ന്യൂനമർദം രൂപം കൊള്ളുകയായിരുന്നു എന്ന് ഞങ്ങളുടെ വെതർമാൻ പറഞ്ഞു.
ഈ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്പെടുകയും തീവ്ര ന്യൂനമർദം (Depression ) ആകാനും സാധ്യതയുണ്ട്.
ശക്തമായ മഴ സാധ്യത
ന്യൂനമർദം കാരണം ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തെക്കൻ തമിഴ്നാട്, തമിഴ്നാട് തീരദേശം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ / അതിശക്തമായ മഴക്ക് സാധ്യത. ന്യൂനമർദം ശക്തിപ്പെട്ട ശേഷം ഇന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങും.
കേരളത്തിലും മഴ സാധ്യത
കേരളത്തിൽ തെക്കൻ, മധ്യ ജില്ലകളിൽ മഴക്ക് ന്യൂനമർദം കാരണമായേക്കും. എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകൾക്കാണ് മഴ സാധ്യത. ഇന്നു രാത്രി മുതൽ ഇടുക്കി, പത്തനംതിട്ട , കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും ഇടവിട്ട് മഴ ലഭിക്കും. എന്നാൽ വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും.
ബംഗാൾ ഉൾക്കടലിൽ ഇരട്ട സിസ്റ്റം
ന്യൂനമർദം രൂപം കൊണ്ടതിനു പിന്നാലെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും രൂപപ്പെട്ടു. ഇത് ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴക്ക് കാരണമാകും.