kerala weather 30/12/24: ഇന്നും നാളെയും കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ സാധ്യത
ബംഗാൾ ഉൾക്കടലിൻ്റെ തെക്കു കിഴക്ക് രൂപപ്പെട്ട കാറ്റിന്റെ ചുഴി മൂലം ശ്രീലങ്കയിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. തെക്കൻ കേരളത്തിലും മധ്യ ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നു. തമിഴ്നാടിൻ്റെ തീരപ്രദേശങ്ങളിലും തെക്കൻ തമിഴ്നാട്ടിലുമാണ് മഴ ലഭിക്കുക. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാലാവസ്ഥ വകുപ്പും നേരിയ മഴ സാധ്യത കേരളത്തിലും തമിഴ്നാട്ടിലും പ്രവചിച്ചിട്ടുണ്ട്
ശ്രീലങ്കയിൽ കനത്ത മഴയുണ്ടാകും. കന്യാകുമാരി ജില്ലയിലും തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖല, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലും മഴ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ കോയമ്പത്തൂർ, ഊട്ടി, കൊടൈക്കനാൽ, തൂത്തുകുടി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, മധുര എന്നിവിടങ്ങളിൽ മഴയുണ്ടാകും. അതേസമയം ഉത്തരേന്ത്യയിൽ വരണ്ട കാലാവസ്ഥയും ശൈത്യവും തുടരും
കേരളത്തിൽ എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത. കണ്ണൂർ, കാസറഗോഡ്, പാലക്കാട് ജില്ലകളിൽ ഇന്ന് വരണ്ട കാലാവസ്ഥ തുടരും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഭാഗിക മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യത. ശ്രീലങ്കയ്ക്ക് സമീപം ഉടലെടുത്ത കാറ്റിന്റെ ചുഴി പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് അറബിക്കടലിൽ എത്തും.
ഈ അന്തരീക്ഷ സ്ഥിതി നാളെയും തുടരും. ജനുവരി ഒന്നിന് പൊതുവേ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടാൻ ആണ് സാധ്യത. ജനുവരി ആദ്യവാരത്തിന്റെ അവസാന ദിവസങ്ങളിലും കേരളത്തിൽ വീണ്ടും മഴ സാധ്യതയുണ്ട്.
നിലവിൽ രൂപപ്പെട്ട കാറ്റിന്റെ ചുഴി പടിഞ്ഞാറേയ്ക്ക് സഞ്ചരിച്ച് അറബിക്കടലിൽ എത്തുമെങ്കിലും തമിഴ്നാട്ടിൽ മാത്രമാകും കാര്യമായി മഴ സാധ്യത ഉണ്ടാവുക. മേഘങ്ങൾ കടലിൽ രൂപപ്പെടുന്നുണ്ടെങ്കിലും ഇവ കരകയറാൻ അനുകൂലമായ അന്തരീക്ഷം നിലവിലില്ല.
ജനുവരി ആദ്യവാരം മഴ സാധ്യത
മഹാരാഷ്ട്രക്ക് മുകളിൽ രൂപപ്പെട്ട അതി മർദ്ദമാണ് ഇതിനു കാരണം. എന്നാൽ ഇതിനു പിന്നാലെ ജനുവരി അവസാനത്തോടെ മറ്റൊരു കാറ്റിൻ്റെ ചുഴിയും ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ടേക്കും. ഈ സമയം അതിമർദ മേഖല മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങുന്നതിനാൽ കുറേക്കൂടി മേഘങ്ങൾ കരകയറുകയും അവ വടക്കൻ കേരളത്തിലുൾപ്പെടെ മഴ നൽകാനും സാധ്യതയുണ്ട്.
പക്ഷേ അത്തരം മഴ രണ്ടുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കാൻ സാധ്യതയില്ല. ഒറ്റപ്പെട്ട മഴയായിരിക്കും ലഭിക്കുക. തുടർച്ചയായി നീണ്ടുനിൽക്കുന്ന കനത്ത മഴ സാധ്യത ഇല്ലെങ്കിലും നേരിയ മഴ പോലും കർഷകരെ ബാധിച്ചേക്കാം. ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക അന്തരീക്ഷ സ്ഥിതിയാണ് കേരളത്തിൽ സ്വാഭാവികമായി എത്തേണ്ട തണുപ്പിനെ തടയുന്നത്. കൂടുതൽ കാലാവസ്ഥ അപ്ഡേറ്റുകൾക്കായി താഴെ കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക.