kerala weather 07/10/24: ഇന്നു മുതൽ മഴ ശക്തം, ഇന്നലെ കണ്ണൂരിൽ മേഘ വിസ്ഫോടന സമാന മഴ

kerala weather 07/10/24: ഇന്നു മുതൽ മഴ ശക്തം, ഇന്നലെ കണ്ണൂരിൽ മേഘ വിസ്ഫോടന സമാന മഴ

കേരളത്തിൽ ഇന്നുമുതൽ പരക്കെ കനത്ത മഴക്ക് സാധ്യത. വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ വിനോദസഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. തുലാവർഷത്തിനു മുന്നോടിയായുള്ള അന്തരീക്ഷ പരിവർത്തനങ്ങളുടെ സ്വാധീനം മൂലമാണ് ഇപ്പോൾ ശക്തമായ മഴ ലഭിക്കുന്നത്. ഒക്ടോബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ചകളിലെ Metbeat Weather ൻ്റെ കാലാവസ്ഥ അവലോകന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.

ഇന്നലെ കണ്ണൂർ ഉൾപ്പെടെയുള്ള മേഖലകളിൽ മേഘ വിസ്ഫോടനത്തിന് (Cloud bust) സമാനമായ രീതിയിൽ മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. ഞായറാഴ്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മുതൽ കരുവാരക്കുണ്ട് വരെയുള്ള മേഖലകളിൽ ആറ് മുതൽ 11.4 സെൻറീമീറ്റർ വരെ മഴ ലഭിച്ചു. അടുത്ത അഞ്ചു ദിവസം കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ 10 സെൻറീമീറ്റർ വരെ പ്രതിദിന മഴ രേഖപ്പെടുത്താൻ സാധ്യത.

കണ്ണൂർ വിമാനത്താവളത്തിൽ ഒരു മണിക്കൂറിൽ 9.2 സെൻറീമീറ്റർ മഴ ലഭിച്ചു. ഇത് ലഘു മേഘ വിസ്ഫോടനത്തിന് തുല്യമായ മഴയാണ്. ഒരു മണിക്കൂറിൽ 10 സെൻറീമീറ്റർ മഴ ലഭിച്ചാൽ മേഘ വിസ്ഫോടനം ആയി കണക്കാക്കാം. കണ്ണൂർ വിമാനത്താവളത്തിൽ നേരത്തെ 45 മിനിറ്റിൽ 7.0 സെ.മി മഴ രേഖപ്പെടുത്തിയിരുന്നു.

പന്നിയൂരിൽ ഒരു മണിക്കൂറിൽ 4.8 cm , കാസർഗോഡ് പാണത്തൂർ 5.3 cm മഴ രേഖപ്പെടുത്തി. മലപ്പുറം ആനക്കയം ഒന്നര മണിക്കൂറിൽ 7.0 സെ.മി മഴയും ഇന്നലെ വൈകിട്ട് കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റഡ് വെതർ സ്റ്റേഷനുകളിൽ (AWS) റിപ്പോർട്ട് ചെയ്തു.

തെക്കു കിഴക്കൻ (southeast arabian sea) അറബിക്കടലിന് മുകളിൽ നിന്ന് വടക്കൻ കേരളത്തിലൂടെ കർണാടക കടന്നു രായലസീമ വരെ തുടരുന്ന ന്യൂനമർദ്ദ പാത്തി (trough) നിലനിൽക്കുന്നു. ഇത് അന്തരീക്ഷത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിൽ ആണുള്ളത്. കേരളത്തിൽ കാലവർഷം വിടവാങ്ങാത്ത സാഹചര്യം ഉള്ളതിനാലും കാലവർഷക്കാറ്റിന്റെ ഭാഗമായുള്ള ഈർപ്പം അന്തരീക്ഷത്തിൽ തുടരുന്നതിനാലും വടക്കൻ കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത നിലനിൽക്കുന്നു.

കഴിഞ്ഞദിവസം അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിരുന്നു. ഇതിൻ്റെ ശേഷിപ്പുകളും തെക്കുകിഴക്കൻ അറബിക്കടലിൽ തുടരുന്നുണ്ട്. അതോടൊപ്പം ആണ് ട്രഫ് രൂപപ്പെട്ടത്. തമിഴ്നാട് തീരത്തായി ആന്ധ്രയോടെ ചേർന്ന് അന്തരീക്ഷചുഴിയും നിലനിൽക്കുന്നു. ഇത് തമിഴ്നാട്ടിലും കേരളത്തിലും ഇടിയോടുകൂടി ശക്തമായ മഴക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കും.

ഇന്നലെ കണ്ണൂരിന് മുകളിലുള്ള കനത്ത മേഘങ്ങളുടെ ഇൻഫ്രാറെഡ് ചിത്രം – windy

ഇന്ന് ഉച്ചവരെ കേരളത്തിൽ മഴക്ക് കുറവുണ്ടാവുമെങ്കിലും തുടർന്ന് വിവിധ ജില്ലകളിൽ മഴ ലഭിച്ചു തുടങ്ങും. നാളെ (ചൊവ്വ) കേരളത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ടാകും. ഈ മാസം 10 വരെ കനത്ത മഴ തുടരും എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. കിഴക്കൻ മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളിൽ പുഴകൾ, അരുവികൾ, തോടുകൾ എന്നിവയിൽ ഇറങ്ങുന്നത് ജീവഹാനിക്ക് കാരണമായേക്കും.

ഉച്ചയ്ക്കുശേഷം ഇടിയോടുകൂടെ ഉണ്ടാകുന്ന മഴക്കൊപ്പം മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും ഉണ്ടാകും. അതിനാൽ മരങ്ങൾക്ക് ചുവട്ടിൽ നിൽക്കുന്നതും ഇളകിയ ഹോൾഡിങ്ങുകൾക്ക് സമീപം നിൽക്കുന്നതും സുരക്ഷിതമല്ല. തുറസായ സ്ഥലങ്ങളിലും ഉയരമുള്ള കെട്ടിടങ്ങളിലും ജോലി ചെയ്യുന്നവർ ഇടിമിന്നൽ ജാഗ്രത പാലിക്കണം.

Join our WhatsApp Channel
Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment