kerala weather 02/06/24: മുന്നറിയിപ്പില്ലാതെ പെട്ടെന്ന് തീവ്രമഴ, കാരണമെന്ത്?
കേരളത്തിൽ മുന്നറിയിപ്പില്ലാതെ തീവ്രമഴ പെയ്യുന്നതും കാലാവസ്ഥ അലർട്ടുകൾ പെട്ടെന്ന് മാറുന്നതും ദുരന്തനിവാരണ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മേഘ വിസ്ഫോടനങ്ങളും തീവ്ര മഴയും മൂലം പെട്ടെന്ന് വെള്ളക്കെട്ടുകൾ രൂപപ്പെടുകയും അവിടെനിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ കഴിയാതെ വരികയും ആണ്. രാവിലെ ഉദിച്ചു നിന്ന വെയിൽ പെട്ടെന്ന് ഇരുട്ടുമുടി മഴയിലേക്ക് മാറുന്ന സാഹചര്യമാണ് കേരളത്തിൽ കാണുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഫോർകാസ്റ്റ് അനുസരിച്ച് ശനിയാഴ്ച സംസ്ഥാനത്തെ 7 ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കേരളത്തിൽ ഒരിടത്തും തീവ്രമഴ സാധ്യത പ്രവചനത്തിൽ ഉണ്ടായിരുന്നില്ല. 24 മണിക്കൂറിൽ 20 സെൻ്റീമീറ്ററിന് മുകളിൽ മഴ പെയ്യുമ്പോഴാണ് തീവ്രമഴ സാഹചര്യം ഉണ്ടാകുന്നതും റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതും. എന്നാൽ ശനിയാഴ്ച ഉച്ചയോടെ കേരളത്തിൽ മൂന്നു ജില്ലകൾക്ക് മഞ്ഞ അലർട്ട് പൊടുന്നനെ റെഡ് അലർട്ടായി മാറി.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കാണ് ഇന്നലെ ഉച്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. രാവിലെ പത്രങ്ങളിൽ വന്ന വാർത്തയിൽ ഈ ജില്ലകളിൽ മഞ്ഞ അലർട്ട് ആയിരുന്നു ഉണ്ടായിരുന്നത്. അതിനാൽ ജനങ്ങളും മറ്റും ഇതനുസരിച്ച് പ്ലാനിങ് നടത്തി. പക്ഷേ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രാവിലെ യോടെ മഴ കനത്തു. സാധാരണ മഴ പ്രതീക്ഷിച്ച് പുറത്തിറങ്ങിയവർ പലരും വെള്ളക്കെട്ടിൽ പെട്ടു.
തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ മേഘ വിസ്ഫോടനവും ഉണ്ടായി. ഇതോടെ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് ചുവന്ന അലർട്ട് ലേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം മറ്റു ജില്ലകളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കായിരുന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച രാത്രി കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പെട്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകൾ മാറുന്നത് എന്നതിനാൽ തന്നെ ഉദ്യോഗസ്ഥർക്കും ദുരന്തനിവാരണ ഏജൻസികൾക്കും ഇത് വലിയ വെല്ലുവിളി ആകുകയാണ്.
സാധാരണ കാലാവസ്ഥ വകുപ്പ് ഒരു ദിവസം നാല് തവണയാണ് അലർട്ടുകൾ മാറ്റുന്നത്. അതിനാൽ രാവിലെ പത്രങ്ങളിൽ കാണുന്ന അലർട്ട് അല്ല അന്ന് വൈകിട്ട് വരെ ഉണ്ടാകുക എന്ന് ജനങ്ങളും മനസ്സിലാക്കണം. രാവിലെ 8 ന് ശേഷവും ഉച്ചയ്ക്ക് ഒരു മണിയോടെയും കാലാവസ്ഥ മുന്നറിയിപ്പുകളിൽ അപ്ഡേഷൻ വരും. വൈകിട്ടും രാത്രിയിലും ബുള്ളറ്റിനുകളിലും അലർട്ടിലും മാറ്റം വരും. അതിനാൽ നിരന്തരം കാലാവസ്ഥ അപ്ഡേഷനുകൾ അറിയുകയാണ് പോംവഴി. ഇതിന് ഔദ്യോഗിക ഏജൻസികളെയും metbeatnews.com പോലുള്ള കാലാവസ്ഥ വെബ്സൈറ്റുകളെയും ആശ്രയിക്കാം .
പെട്ടെന്ന് അലർട്ടുകൾ മാറുന്ന സാഹചര്യം ദുരന്തനിവാരണ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറയുന്നു. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ടാൽ ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികളാണ് ദുരന്തനിവാരണ അതോറിറ്റിക്ക് സ്വീകരിക്കാനുള്ളത്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും ഒരുക്കണം. വൈകി ലഭിക്കുന്ന അലർട്ടുകൾ ഇത്തരം ഒഴിപ്പിക്കൽ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.
പെട്ടെന്ന് ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശിച്ചാൽ അവർ അതിന് കൂട്ടാക്കിയില്ലെന്നും വരാം. തീരുമാനമെടുക്കാനും അത് നടപ്പാക്കാനും ഉള്ള സമയം പോലും വളരെ വൈകിവരുന്ന കാലാവസ്ഥ മുന്നറിയിപ്പ് മൂലം ലഭിക്കുന്നില്ലെന്ന പ്രതിസന്ധിയാണ് ദുരന്തനിവാരണ വകുപ്പിനും ഉദ്യോഗസ്ഥർക്കും മുന്നിലുള്ളത്.
അതേസമയം, ഇന്നലെ കേരളത്തിൽ മൺസൂൺ മഴക്ക് വ്യത്യസ്തമായി ഇടിയോടുകൂടെ ശക്തമായ മഴ ലഭിക്കുമെന്ന് രാവിലെ metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. Metbeat Weather ലെ നിരീക്ഷകരുടെ നിഗമനമാണ് റിപ്പോർട്ടിന് ആധാരം. അന്തരീക്ഷത്തിന്റെ മിഡ് ലെവലിൽ ചക്രവാത ചുഴിയുടെ സാന്നിധ്യം മൂലം കൂമ്പാര മേഘങ്ങളുടെ രൂപീകരണം നടക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞിരുന്നത്.
തൃശ്ശൂർ ജില്ലയിൽ ഉച്ചയ്ക്ക് മുമ്പായി മിന്നലേറ്റ് രണ്ടുപേർ മരിക്കുന്ന സാഹചര്യവും ഉണ്ടായി. കൂമ്പാരമേഘങ്ങളുടെ രൂപീകരണമാണ് മിന്നൽ പ്രളയത്തിനും തീവ്ര മഴക്കും മേഘ വിസ്ഫോടനത്തിനും കാരണമാകുന്നത്.
കാലവർഷം വടക്കോട്ട് പുരോഗമിക്കാത്തതിനാൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള ഈർപ്പമുള്ള കാലവർഷക്കാറ്റും ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട ഉഷ്ണ കാറ്റും ചേരുന്നതാണ് കൂമ്പാരമേഘങ്ങൾ രൂപപ്പെടാനും ശക്തമായ മിന്നലിനും കാരണമെന്ന് Metbeat Weather ലെ സീനിയർ ഫോർകാസ്റ്റ് കൺസൽട്ടൻ്റ് അഭിലാഷ് ജോസഫ് പറഞ്ഞു.
കേരളത്തിൽ കാലവർഷം എത്തിയെങ്കിലും മറ്റു ഭാഗങ്ങളിലേക്ക് കാലവർഷം പുരോഗമിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലവർഷക്കാറ്റ് ദുർബലമാകുമ്പോൾ കൂമ്പാരമേഘങ്ങൾ രൂപപ്പെടുകയും ഇടിമിന്നലോടെ മഴ ലഭിക്കുകയും ചെയ്യുകയാണെന്ന് തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര നിരീക്ഷണ കേന്ദ്രം ഡയരക്ടർ നീത കെ ഗോപാൽ പറയുന്നു. കാലവർഷത്തിന്റെ പാറ്റേണിൽ കുറച്ചു വർഷങ്ങളായി മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ കൂമ്പാരമേഘങ്ങൾ രൂപപ്പെടുന്നത് 24 മണിക്കൂർ മുമ്പ് പ്രവചിക്കാൻ ആകില്ലെന്നും അവർ പറഞ്ഞു.
അതിനാൽ ഓരോ മൂന്നു മണിക്കൂറും ഇടവിട്ട് നൽകുന്ന നൗകാസ്റ്റ് റിപ്പോർട്ടിനൊപ്പം ആണ് മുന്നറിയിപ്പ് നൽകുന്നതെന്നും അവർ പറഞ്ഞു. റഡാർ, ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ച് ഏറ്റവും കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകൾ ഏറ്റവും ഉചിതമായ സമയത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകാറുണ്ടെന്നും അവർ പറഞ്ഞു.
അതിനിടെ കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടെ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. വൈകിട്ടും രാത്രിയിലും ആണ് മഴ സാധ്യത. കേരളത്തോടൊപ്പം തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ശക്തമായ മിന്നലും മഴയും ലഭിക്കും. കർണാടകയുടെ തെക്ക് ഉൾനാടൻ മേഖലയിലും തെലങ്കാന, തെക്കു കിഴക്കൻ കർണാടകയിലും ശക്തമായ മിന്നലോടെ മഴ സാധ്യതയുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.