കേരളത്തിൽ സമൃദ്ധമായി ലഭിച്ച മഴയുടെ പ്രയോജനം തമിഴ്നാട്ടിലെ കർഷകർക്ക്. കേരളത്തിൽ നല്ല മഴ ലഭിച്ചതോടെ ഒരു മാസത്തിലധികമായി തേനി ജില്ലയിലെ വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് അടുപ്പിച്ച് ഒരു മാസത്തിലധികമായി അണക്കെട്ടിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മഴക്കാലത്തു മുല്ലപ്പെരിയാറിൽ നിന്നു കൂടുതൽ വെള്ളം തുറന്നു വിട്ടതോടെയാണു വൈഗ അണക്കെട്ടിൽ ജലനിരപ്പ് പരാമവധി സംഭരണശേഷി പിന്നിട്ടത്.
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ശേഖരിക്കുന്ന തമിഴ്നാട്ടിലെ പ്രധാന അണക്കെട്ടാണു വൈഗ. കൃഷി ആവശ്യങ്ങൾക്കു വേണ്ടി നിയന്ത്രിതമായാണ് അണക്കെട്ടിൽ നിന്നു വെള്ളം കനാലുകൾ വഴി പുറത്തേക്ക് ഒഴുക്കിയിരുന്നത്. എന്നാൽ, 2018ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ 13 വർഷങ്ങൾക്കു ശേഷം വൈഗ അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം തുറന്നു. തുടർന്നുള്ള വർഷങ്ങളിലും കേരളത്തിൽ മഴ ശക്തമായതിനാൽ അണക്കെട്ട് തുറന്നു.
2021 ജൂണിലാണ് ഇതിനു മുൻപ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. 71 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. മധുര, തേനി, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗൈ ജില്ലകളിലെ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത് വൈഗയിൽ നിന്നുള്ള വെള്ളമാണ്. തമിഴ്നാട്ടിൽ ജൂൺ മുതൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും വൈഗ അണക്കെട്ട് ജല സമൃദ്ധമായതിനാൽ 5 ജില്ലകളിലെയും കൃഷിയിടങ്ങൾ ഹരിതാഭമാണ്.