kerala rain forecast 10/01/25 : കേരളത്തിന് സമീപം ചക്രവാത ചുഴി, ഒറ്റപ്പെട്ട മഴ സാധ്യത
ഒരു ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴ സാധ്യത. തിങ്കളാഴ്ച മുതൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കും. ഇന്നും നാളെയും മറ്റന്നാളും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത. മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. ശനിയാഴ്ച തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത.
തെക്കു കിഴക്കൻ അറബിക്കടലിൽ (south east arabian sea) കേരള തീരത്തോട് ചേർന്ന് ഒരു ചക്രവാത ചുഴി (cyclonic Circulation) രൂപപ്പെട്ടിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മി ഉയരത്തിലാണിത്.
ഇതോടൊപ്പം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ഇന്നലെ ചക്രവാതചുഴി രൂപപ്പെട്ടിരുന്നു. ഇത് ആ പ്രദേശത്ത് തുടരുകയാണ്.
കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും പറഞ്ഞു. Metbeat Weather ൻ്റെ പ്രവചന പ്രകാരം തിങ്കളാഴ്ച വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ സാധ്യത. എന്നാൽ എവിടെയും ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം നേരിയ മഴയോ ഇടത്തരം മഴയോ ഏതാനും മിനിറ്റുകൾ നീണ്ടു നിന്നേക്കാം.
മുകളിൽ പറഞ്ഞ ചക്രവാത ചുഴിയെ തുടർന്നുള്ള അന്തരീക്ഷ മാറ്റങ്ങളാണ് മഴക്ക് കാരണം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയാണ് മഴ സാധ്യത. മധ്യ കേരളത്തിൽ മഴ പൊതുവെ കുറയും. വ്യാഴം മുതൽ കേരളം വീണ്ടും വരണ്ട കാലാവസ്ഥയിലേക്ക് മാറുമെന്നും ഞങ്ങളുടെ വെതർ മാൻ പറയുന്നു. കേരളത്തേക്കാൾ മഴ തമിഴ്നാട്ടിലാണ് ഈ ദിവസങ്ങളിൽ ലഭിക്കുക.