kerala rain forecast 13/04/24 : ഇന്നും മഴ തുടരും, ഈ പ്രദേശങ്ങളിലാണ് മഴ സാധ്യത
കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇന്നലെ ലഭിച്ച വേനല്‍ മഴ ഇന്നും തുടരും. ഇന്നലെ ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ ലഭിച്ചിരുന്നു. ഇന്നും കേരളത്തില്‍ മഴ തുടരുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴ സാധ്യത. പാലക്കാട് ജില്ലയില്‍ ഇന്ന് മഴ സാധ്യത കുറവാണ്.
ഇന്നലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് മഴ ലഭിച്ചത്. കടുത്ത ചൂടിന് വേനല്‍മഴ ആശ്വാസമായി. വ്യാഴാഴ്ച രാത്രി മുതല്‍ തെക്കന്‍, മധ്യ ജില്ലകളില്‍ കനത്തുപെയ്ത മഴ ഇന്നലെ പകലും തുടര്‍ന്നു. വൈകിട്ടോടെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും രാത്രി പാലക്കാട്ടും തൃശൂരിലും ശക്തമായ വേനല്‍ മഴ പെയ്തു.
വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ ഈ വര്‍ഷം ഇതാദ്യമായാണ് മഴ ലഭിക്കുന്നത്. ഒരാഴ്ചയിലേറെയായി 40 മുതല്‍ 45 ഡിഗ്രിവരെ താപനിലയായിരുന്ന പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചത് ആശ്വാസമായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ ലഭിച്ചു.
കനത്തമഴയില്‍ നഗരം വെള്ളത്തില്‍
തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ ഉച്ചയ്ക്ക് അരമണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാവിലെ കടുത്ത ചൂടിനെ തുടര്‍ന്ന് 14 ജില്ലകള്‍ക്കും മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥാ വകുപ്പ് തെക്കന്‍ ജില്ലകളില്‍ മഴ ലഭിച്ചതോടെ 7 ജില്ലകള്‍ക്കായി മുന്നറിയിപ്പ് കുറക്കുകയായിരുന്നു.
ചൂട് അലര്‍ട്ട് മഴ അലര്‍ട്ടായി
ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴ വിവിധ ജില്ലകളില്‍ കനത്തതോടെ ചൂടിനെ തുടര്‍ന്നുള്ള മഞ്ഞ അലര്‍ട്ട് മാറി മഴയെ തുടര്‍ന്നുള്ള മഞ്ഞ അലര്‍ട്ടാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇന്നലെ മഴയെ തുടര്‍ന്നുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് നല്‍കിയത്. അതേസമയം, മഴ ലഭിക്കാത്തയിടങ്ങളില്‍ അന്തരീക്ഷതാപനില മാറ്റമില്ലാതെ തുടരുകയാണ്.
ചൂട്: 7 ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്
ഏഴ് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാല് ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍ ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
മഴ ഇന്നു മുതല്‍ കുറയും
വടക്കന്‍ കേരളത്തില്‍ ഇന്നു കൂടി വേനല്‍ മഴ ലഭിക്കും. ഇന്നലെ മഴ ലഭിക്കാത്ത പ്രദേശങ്ങളിലും ഇന്ന് മഴ സാധ്യതയുണ്ട്. തുടര്‍ന്ന് മഴ കുറയും. നാളെയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും. തുടര്‍ന്ന് മഴ കുറയും. ഈ മാസം 20 ന് ശേഷം വടക്കന്‍ കേരളത്തില്‍ വീണ്ടും മഴ സാധ്യതയുണ്ടെന്നും പരക്കെ വേനല്‍ മഴ പ്രതീക്ഷിക്കാമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
ഇന്ന് ഇടിയോടെ മഴ സാധ്യത ഈ പ്രദേശങ്ങളില്‍
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിനും കാസര്‍കോടിനും കിഴക്കുള്ള പ്രദേശം,
കര്‍ണാടകയിലെ സുള്യ, ഉപ്പിനങ്ങാടി,
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, അടൂര്‍,തളിപ്പറമ്പ്, മട്ടന്നൂര്‍, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, കായലവട്ടം,
വയനാട്ടിലെ മാനന്തവാടി, ശാന്തിഗിരി പുല്‍പ്പള്ളി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, വിളമ്പുക്കണ്ടം,
കോഴിക്കോട് ജില്ലയിലെ നാദാപുരം, ചക്കിട്ടപ്പാറ, താമരശ്ശേരി, മുക്കം,
മലപ്പുറം ജില്ലയിലെ മഞ്ചേരി, ഓമാനൂര്‍, നിലമ്പൂര്‍, വണ്ടൂര്‍,
തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട, പെരിങ്ങല്‍കുത്ത്, കൊടുങ്ങല്ലൂര്‍,
എറണാകുളം ജില്ലയിലെ അങ്കമാലി, മലയാറ്റൂര്‍, ആലുവ, പറവൂര്‍, കോതമംഗലം, മൂവാറ്റുപുഴ,
ഇടുക്കി കുട്ടംപുഴ,
കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, ഈരാട്ടുപേട്ട, കോട്ടയം, ഏറ്റുമാനൂര്‍,
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, പത്തനംതിട്ട, മട്ടന്നൂര്‍ക്കര, ളാഹ
ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര,
കൊല്ലം ജില്ലയിലെ കരുനാഗപള്ളി, അടൂര്‍, കൊട്ടാരക്കര,
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, വര്‍ക്കല, പറവൂര്‍, നെടുമങ്ങാട്, തിരുവനന്തപുരം, പൊന്‍മുടി, നെയ്യാറ്റിന്‍കര
എന്നിടിവങ്ങളിലും ഇന്ന് ഇടിയോടെ മഴ സാധ്യത. ഈ പ്രദേശങ്ങളില്‍ ചിലയിടത്ത് ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ചാറ്റല്‍മഴക്കോ ഇടത്തരം മഴക്കോ ആണ് സാധ്യത.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS