kerala rain forecast 04/03/25 : വീണ്ടും ചക്രവാത ചുഴി, വടക്കൻ കേരളത്തിൽ മഴ സാധ്യത
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യത. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ശക്തമായ മഴക്ക് കാരണമായ അറബിക്കടലിലെ ചക്രവാതചുഴി ദുർബലപ്പെട്ടു. എന്നാൽ, ശ്രീലങ്കക്ക് സമീപം മറ്റൊരു ചക്രവാത ചുഴി (Cyclonic Circulation) രൂപപ്പെടുകയാണ്. ഇവിടെ ഇന്നലെ രാത്രി മുതൽ കാറ്റിന്റെ കറക്കം ദൃശ്യമാണ്. ഇതേ തുടർന്ന് കിഴക്കൻ കാറ്റ് (Esterlie wind) കേരളത്തിൽ ഉൾപ്പെടെ സജീവമായി തുടരുന്നുണ്ട്.

ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലും കേരളത്തിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. എന്നാൽ കാലാവസ്ഥാവകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് കേരളത്തിൽ വരണ്ട കാലാവസ്ഥയാണ്. ഇന്ന് പുലർച്ചെയുള്ള ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കേരളത്തിലെ മുകളിൽ മഴമേഘങ്ങളുടെ സാന്നിധ്യം കാണാം.

വടക്കൻ കേരളത്തിൽ മഴ സാധ്യത
വടക്കൻ കേരളത്തിലാണ് കൂടുതൽ മേഘങ്ങൾ ഉള്ളത്. കോഴിക്കോട് ജില്ലയിൽ ഇന്ന് മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്കുശേഷം വടക്കൻ കേരളത്തിൽ മഴ ലഭിച്ചേക്കും. കിഴക്കൻ കാറ്റിൻ്റെ സ്വാധീനത്താൽ തമിഴ്നാട്ടിലും മേഘാവൃതവും ഒറ്റപ്പെട്ട ചാറ്റൽ മഴയും ലഭിക്കും. ഇന്ന് രാവിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചാറ്റൽ മഴ ലഭിച്ചു. പുലർച്ചെ കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള തീര കടൽ മേഖലയിലും മഴ ലഭിച്ചു. ഇന്നലെ രാത്രി അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.
ചക്രവാത ചുഴി പതിയെ ശക്തിപ്പെടും
ശ്രീലങ്കക്കും ഇന്തോനേഷ്യക്കും ഇടയിലായി തുടരുന്ന ചക്രവാത ചുഴി അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം ആയേക്കാം. എന്നാൽ ഇത് പതിവിന് വിപരീതമായി സ്റ്റേഷനറി പൊസിഷനിൽ ആണ്. വളരെ സാവധാനം ശക്തിപ്പെടുന്ന രീതിയിലാണ് ഇതിൻ്റെ സ്വഭാവം. ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖക്ക് അപ്പുറത്തായി മറ്റൊരു ശക്തമായ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാലാണ് ഈ ന്യൂനമർദ്ദം ശക്തിപ്പെടാതെ പോകുന്നത്.
വെള്ളിയാഴ്ചയോടെ ശക്തിപ്പെട്ടേക്കും
വരുന്ന വെള്ളിയാഴ്ചയോടെ അല്പം ശക്തമായി ശ്രീലങ്കയിലും ഇന്തോനേഷ്യയിലും ഈ സിസ്റ്റം ശക്തമായ മഴ നൽകും. ഈ സമയം കേരളത്തിലേക്ക് അറബിക്കടലിൽ നിന്നുള്ള കാറ്റിന്റെ പ്രവാഹം ശക്തമായേക്കും. ഈ കാരണത്താൽ നേരത്തെ പ്രവചിക്കപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ പോലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ഇതോടൊപ്പം ചൂടിനും കുറവുണ്ടാകും. മാർച്ച് രണ്ടാം വാരത്തോടെ കൂടുതൽ മഴ കേരളത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
നിങ്ങളുടെ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം അറിയാൻ Metbeat Weather ൻ്റെ വെബ്സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനായി metbeat.com ക്ലിക് ചെയ്ത് ലൊക്കേഷൻ എനേബിൾ ചെയ്യുക.