തെക്കൻ ഇറാനിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട് . 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹോർമോസ്ഗൺ പ്രവിശ്യയിലെ ബന്ദറെ ഖാമിറിൽ നിന്ന് 36 കി.മി അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം.
ഇറാന്റെ ദേശീയ ടെലിവിഷൻ ചാനലാണ് 3 പേർ മരിച്ചതായ വിവരം പുറത്തുവിട്ടത്. എട്ടുപേർക്ക് പരിക്കേറ്റതായും ഹോർമോസ്ഗൻ പ്രവിശ്യ എമർജൻസി മാനേജ്മെൻറ് തലവൻ മെഹറാദ് ഹസൻസാദേവ് അറിയിച്ചു.
യൂറോപ്യൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ച് 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടനുസരിച്ച് 6.1 ആണ് ഭൂകമ്പത്തിന്റെ തീവ്രത .
ഗൾഫിലും പ്രകമ്പനം
ഗൾഫിലും ഭൂചലനത്തിന്റെ കുലുക്കം അനുഭവപ്പെട്ടു. ഇറാൻ പ്രാദേശിക സമയം പുലർച്ചെ 1.32 ആണ് ഭൂചലനം ഉണ്ടായതെന്ന് യു.എ.ഇയുടെ നാഷണൽ സെസി മോളജിക്കൽ സെൻറർ അറിയിച്ചു. യു.എ.ഇയിൽ വിവിധ സ്ഥലങ്ങളിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശവാസികൾ പറഞ്ഞു. ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ ഖത്തർ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ബ്രേക്കിംഗ്: ശനിയാഴ്ച പുലർച്ചെ 1:35 ന് തെക്കൻ ഇറാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ദുബൈ, ഷാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ തുടങ്ങി വിവിധ ഇടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആറ് സെക്കന്റുവരെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് താമസക്കാർ പറയുന്നത്.