സൗദി അറേബ്യയുടെ ചില മേഖലകളിൽ കടുത്തചൂട് തുടരുന്നു. റിയാദ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യകളിലും ശനിയാഴ്ച വരെ ചൂട് തുടരും. അൽ-ഖസീം, മക്ക, മദീന, റിയാദിന്റെ കിഴക്കൻ നഗരങ്ങൾ എന്നിവിടങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥയും മറ്റിടങ്ങളിൽ നേരിയ ചൂടുള്ള കാലാവസ്ഥയുമാണ്. ചെങ്കടലിന്റെ തെക്ക് ഭാഗത്ത് മൂടൽ മഞ്ഞ് രൂപപ്പെട്ടേക്കും.
അൽ-അഹ്‌സ, ഹാഫ്ർ അൽ-ബാത്വിൻ എന്നിവിടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസ്, ദമാമിൽ 48 ഡിഗ്രി, റിയാദിൽ 46 ഡിഗ്രി, മക്ക, മദീന, ബുറൈദ എന്നിവടങ്ങളിൽ 45 ഡിഗ്രി, ജിദ്ദ 37 ഡിഗ്രി എന്നിങ്ങനെയാണ് വരുംദിനങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏൽക്കുന്നത് ഒഴിവാക്കാനാണിത്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈത്തിലാണ്. അൽ ജഹ്‌റയിലാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ആഗോള താപനില സൂചിക അനുസരിച്ച് ഞായറാഴ്ച അൽ ജഹ്‌റയിൽ 52 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ജൂൺ 25 ന് കുവൈത്ത് നഗരമായ നവാസിബിൽ 53.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. സുലൈബിയ, വഫ്ര മേഖലകളിൽ 51 ഡിഗ്രിയും അബ്ദാലി, നുവൈസീബ് മേഖലകളിൽ 50 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.