കോട്ടയം ജില്ലയിലെ തീക്കോയില്‍ ഇന്നലെ ഉരുള്‍പൊട്ടലിനും മിന്നല്‍ പ്രളയത്തിനും കാരണമായത് തീവ്രമഴ. ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ സ്വകാര്യ കാലാവാസ്ഥാ നിരീക്ഷകരുടെ മഴക്കണക്കില്‍ മൂന്നിടങ്ങളില്‍ തീവ്രമഴ ലഭിച്ചു.
മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ Meenachil River & Rain Monitoring Network (MRRM) മാപിനികളില്‍ ആണ് തീവ്രമഴ രേഖപ്പെടുത്തിയത്. കരിക്കാട്, വെള്ളികുളം എന്നിവിടങ്ങളില്‍ 212 എം,എം , കാട്ടുപാറ 200 എം.എം തീവ്രമഴ രേഖപ്പെടുത്തി.
ഇഞ്ചപ്പാറ 181 എം.എം, മുപ്പതേക്കര്‍ 126 എം.എം, ഞണ്ടുകല്ല് ബ്രിഡ്ജ് 65 എം.എം, വിലത്തുശ്ശേരി 89 എം.എം മഴ ലഭിച്ചു. മാവടിയില്‍ 127.37 എം.എം, എവറസ്റ്റ് 119.74, വെലത്തുശ്ശേരി- 89.45 എം.എം മഴ രേഖപ്പെടുത്തി.
തീവ്രമഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും
ചുരുങ്ങിയ സമയം കൊണ്ടാണ് മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം മീനച്ചിലാര്‍ കിഴക്കന്‍ മലയോരത്ത് പലയിടത്തായി ഉരുള്‍പൊട്ടലുമുണ്ടായി. കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തില്‍ ലഘുമേഘവിസ്‌ഫോടനത്തിന് സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള മഴയാണ് തീക്കോയി മേഖലയില്‍ ഇന്നലെ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടാവാന്‍ ഇടയായത്.
അപ്രതീക്ഷിതമായ മഴയ്ക്ക് കാരണമെന്നാണ് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നത്. ഒരു മണിക്കൂറില്‍ എത്ര മഴ ലഭിച്ചുവെന്ന് വ്യക്തമായാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ. കന്യാകുമാരി കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി, കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് കരകയറിയ ന്യൂനമര്‍ദം തുടങ്ങിയവയാണ് കേരളത്തില്‍ മഴക്ക് കാരണം.
മഴ തുടരും
തെക്കന്‍ കേരളത്തില്‍ ഈ മാസം അവസാനം വരെ മഴ തുടരാനാണ് സാധ്യത. കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം. ഇന്നലെ വൈകിട്ട് മീനച്ചിലാറിന്റെ കിഴക്കന്‍ മേഖലയായ തീക്കോയിലാണ് പെട്ടെന്ന് മലവെള്ളപ്പാച്ചില്‍ ശ്രദ്ധയില്‍ പെട്ടത്. വൈകിട്ട് ഒന്നര മണിക്കൂറിനുള്ളില്‍ എട്ടടി വെള്ളമാണ് പുഴയില്‍ ഉയര്‍ന്നത്. ഉരുള്‍പൊട്ടലുണ്ടായെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
കിഴക്കന്‍ മേഖലയിലെ വിനോദയാത്ര കരുതണം
കിഴക്കന്‍ മലയോര മേഖലയില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ ഇതുപോലുള്ള മഴ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാം. അതിനാല്‍ കിഴക്കന്‍ മേഖലയിലേക്കുള്ള വിനോദയാത്രകളില്‍ ജാഗ്രത വേണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ഇത്തരം മേഖലയിലെ യാത്രകളില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കരകയറിയ ശേഷം നാളെ തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്ന് കഴിഞ്ഞ ദിവസംmetbeatnews.com റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ നാളെ (22/09/23) മുതലാണ് കേരളത്തില്‍ ലഭിക്കുക.