പത്തനംതിട്ടയിൽ കനത്ത മഴയും മണ്ണിടിച്ചിലും; രണ്ട് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു

പത്തനംതിട്ടയിൽ കനത്ത മഴയും മണ്ണിടിച്ചിലും. തുടർച്ചയായ രണ്ടാം ദിനവും കിഴക്കൻ വന മേഖലയിലാണ് മഴ ശക്തമായി തുടരുന്നത്. മൂഴിയാർ , മണിയാർ അണക്കെട്ടുകൾ വീണ്ടും തുറന്നു.ഇതുമൂലം പമ്പ നദിയിലെ ജലനിരപ്പു ഉയർന്നിട്ടുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗുരുനാഥൻ മണ്ണ് ഭാഗത്ത്‌ തൊടുകളിൽ മലവെള്ളപാച്ചിലുണ്ടായി. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്ന് സംശയമുണ്ട്.

സീതക്കുഴി പുള്ളോലിപടിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങി.വാഹനങ്ങൾ തോടിന്റെ അക്കരവഴിയുള്ള റോഡിലൂടെ തിരിച്ചുവിട്ടു. റോഡിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. ആർക്കും പരുക്കില്ല. വൃഷ്ടി പ്രദേശത്ത് തീവ്ര മഴയെ തുടർന്ന് ഇന്നലെ മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. ഇത് ഇന്ന് പകൽ അടിച്ചിരുന്നു. ജില്ലയുടെ പടിഞ്ഞാറൻ മേഘലയായ അടൂർ പന്തളം ആറന്മുള ഭാഗത്തു രാത്രിയിലും മഴ തുടരുന്നുണ്ട്.

അതേസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Leave a Comment