കനത്ത മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

കാലവർഷം കനത്തതോടെ കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ ജലനിരപ്പിൽ വർദ്ധന. കഴിഞ്ഞദിവസം 62.6 മി. മീറ്റർ മഴ പെയ്‌തതിനാൽ ജലനിരപ്പ്‌ ശേഷിയുടെ 15.22 ശതമാനമായി. തിങ്കളാഴ്‌ചയിത്‌ 14.44 ശതമാനമായിരുന്നു. സംഭരണിയിലിപ്പോൾ 2307.84 അടി ജലമുണ്ട്‌. കഴിഞ്ഞവർഷത്തേക്കാൾ 36.2 അടി കുറവാണിത്‌. സംഭരണിയിലേക്ക്‌ 136.23 ലക്ഷം ക്യുബിക്‌ മീറ്റർ വെള്ളം ഒഴുകിയെത്തി. മൂലമറ്റത്ത്‌ ഉൽപാദനം നേരിയതോതിൽ വർധിപ്പിച്ചു. 32 ലക്ഷം യൂണിറ്റാണ്‌ ഉൽപാദനം. പീരുമേട്ടിൽ 87മി.മീറ്ററും ദേവികുളത്ത്‌ 73.8 മി.മീറ്ററും മഴ ലഭിച്ചു. 

വൃഷ്ടിപ്രദേശങ്ങളിൽ മഴ ആരംഭിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 114.95 അടി എത്തി. തിങ്കൾ 114.85 അടി ആയിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം 128.10 അടിയായിരുന്നു.  24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 602 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ  തമിഴ്നാട് 400 ഘനയടി വീതം കൊണ്ടുപോയി. തേക്കടിയിൽ 39.4 മി. മീറ്ററും അണക്കെട്ട് പ്രദേശത്ത് 37.6 മി. മീറ്ററും  മഴ പെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 50 അടി വെള്ളം ഉണ്ട്. ഇവിടെ 3.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ഏഴ്‌ അണക്കെട്ടുകളുടെ ഷട്ടർ ഭാഗികമായി തുറന്ന്‌ വെള്ളം പുറന്തള്ളുന്നുണ്ട്‌. ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാല്‌ ഷട്ടർ 30 സെന്റീമീറ്റർ വീതവും കുറ്റ്യാടി അണക്കെട്ടിന്റെ നാല്‌ ഷട്ടർ അഞ്ച്‌ സെന്റീ മീറ്റർ വീതവും കാരാപ്പുഴയിൽ മൂന്ന്‌ ഷട്ടറും 10 സെന്റീ മീറ്റർ വീതവും മണിയാറിൽ ഒരു ഷട്ടർ 10 സെന്റീ മീറ്ററും ഭൂതത്താൻകെട്ടിൽ 10 ഷട്ടർ 50 സെന്റീ മീറ്റർ വീതവും ഒരെണ്ണം 100 സെന്റീ മീറ്ററും മൂലത്തറയിൽ ഒരു ഷട്ടർ 30 സെന്റീ മീറ്ററും പഴശ്ശിയിൽ 14 ഷട്ടർ അഞ്ച്‌ സെന്റീ മീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്‌. ജലവിഭവവകുപ്പിനു കീഴിലുള്ള 13 അണക്കെട്ടിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി ആവശ്യാനുസരണം ഷട്ടറുകൾ തുറക്കും. കെഎസ്‌ഇബിക്കു കീഴിലെ അണക്കെട്ടുകളിൽ ജാഗ്രതാനിർദേശങ്ങളില്ല. 


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment