വിവിധ ജില്ലകളില്‍ കനത്ത മഴ, ചൂട് മുന്നറിയിപ്പ് ചുരുക്കി, മത്സ്യബന്ധന വിലക്ക്
കടുത്ത വേനല്‍ചൂടിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ ലഭിച്ചു. ഉച്ചയ്ക്ക് ശേഷം വടക്കന്‍ ജില്ലകളിലും മഴ ലഭിച്ചു. കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് മഴ ലഭിച്ചത്. രാത്രിയിലും മഴ തുടരുമെന്നാണ് പ്രവചനം. ഞായര്‍വരെയാണ് മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ നേരിയതും മിതമായതും ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആണ് യെല്ലോ അലർട്ട്.
തിരുവനന്തപുരത്ത് അരമണിക്കൂറോളം നിര്‍ത്താതെ മഴപെയ്തപ്പോള്‍ തന്നെ തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള മിക്കയിടത്തും വെള്ളക്കെട്ടുണ്ടായത് ജനങ്ങളെ ദുരിതത്തിലാക്കി. ഗതാഗതക്കുരുക്കും
അനുഭവപ്പെട്ടു. അഞ്ച് മിനിറ്റ് മഴ ലഭിച്ചാൽ പോലും വെള്ളത്തിൽ മുങ്ങുകയാണ് നമ്മുടെ തലസ്ഥാന നഗരം. ബേക്കറി ജംഗ്ഷൻ മുതൽ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ കടകളിലെല്ലാം വെള്ളം കയറി.
മഴവെള്ളത്തെ ഒഴുക്കി വിടാൻ കൃത്യമായ ഓട സൗകര്യം ഇല്ലാത്തത് ആണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം കയറുന്നതിനെ തുടർന്ന് ജോലി തടസ്സപ്പെടുന്നു, ഒരുപാട് സാധനങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിക്കുന്നു തുടങ്ങിയ നിരവധി പരാതികളാണ് ഈ റോഡിന് ഇരുവശവും ഉള്ള കടക്കാർ പറയുന്നത്. ഒരുമാസം മുമ്പ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓടകളെല്ലാം ക്ലീൻ ചെയ്തു, റോഡുകളുടെ ഇരുവശത്തും ഫുട്പാത്തുകൾ എല്ലാം ടൈൽ ഒട്ടിച്ചു.
എന്നാൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം ഒഴുക്കി വിടാനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റിസർവ് ബാങ്കിന്റെ പുറകുവശത്തുള്ള കനാലിലേക്ക് ഈ ഓടകൾ തുറന്നു വിട്ടാൽ നഗരത്തിലെ ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ആകും എന്നാണ് നാട്ടുകാർ പറയുന്നത് . എന്നാൽ അധികൃതർ അത് ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ഒരു വർഷത്തിനു മേലെയായി ഇങ്ങനെയാണ് തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെ കോർപ്പറേഷനിലും എംഎൽഎയ്ക്കും എല്ലാം പരാതി നൽകിയിട്ടും കൃത്യമായ നടപടി ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.
കൊല്ലത്തെ മലയോരമേഖലയിലും മഴ. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരളതീരത്ത് മല്‍സ്യബന്ധനം വിലക്കിയിട്ടുണ്ട്.
അതിനിടെ, ഏഴ് ജില്ലകളില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടുണ്ട്. രാവിലെ 14 ജില്ലകളിലെ താപനില മുന്നറിയിപ്പ് കനത്ത മഴയെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഏഴു ജില്ലകളിലാക്കി കാലാവസ്ഥാ വകുപ്പ് പരിമിതപ്പെടുത്തി.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രിയാണ് ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ചൂടിന് ശമനമുണ്ടാകുമെന്നും വടക്കന്‍ കേരളത്തിലടക്കം മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് ഉള്‍പ്പെടെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS