ഇന്നലെ ഉണ്ടായ കനത്ത മഴയിൽ മലയോര പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. താമരശ്ശേരി കൂടത്തായി പാലത്തിൽ നിയന്ത്രണം വിട്ട് ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
കൂട്ടാലിടയിൽ കാറിനു മുകളിൽ മരം വീണ് കാർ തകർന്നു. അരീക്കോട് ചൂളാടി പാറയിൽ റോഡ് സൈഡിലെ ചീനി മരം ക്ഷേത്ര വളപ്പിലേക്ക് വീണ് നാശനഷ്ടം സംഭവിച്ചു. അന്നപൂർണേശ്വരി ക്ഷേത്രവളപ്പിലേക്കാണ് മരം വീണത്.
വീടിനു മുകളിൽ മരം വീണു
പാറ പള്ളത്ത് ദാമോദരൻ നായരുടെ വീടിനു മുകളിൽ ഇലഞ്ഞിമരം വീണ് കേടുപാടുകൾ സംഭവിച്ചു. ഊർങ്ങാട്ടിരി, കൂത്തുപറമ്പിൽ വീടിനു മുകളിൽ തെങ്ങു വീണ് വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു. കെ ടി നാസറിന്റെ വീടിനു മുകളിലാണ് ശക്തമായ കാറ്റിൽ തെങ്ങ് വീണത്.
കോഴിക്കോട് നാരങ്ങാത്തോട് പതങ്കയത്ത് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ കുടുങ്ങി.
ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശക്തമായ ഒഴുക്കില്‍ പാറയില്‍ കയറിനിന്ന രണ്ടുപേരെയും കയറുപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഉള്‍വനത്തില്‍ കനത്തമഴ പെയ്തതാണ് പെട്ടെന്ന് മലവെള്ള പാച്ചിലിന് കാരണമായത്. കോഴിക്കോട് തിരുവമ്പാടി പുന്നക്കലിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ വഴിക്കടവ് പുഴയിലെ താല്‍ക്കാലിക നടപ്പാലം ഒലിച്ചുപോയി.
ഇന്നും മഴ തുടരും
കേരളത്തിൽ വേനല്‍ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ മഴ ലഭിച്ച മിക്ക പ്രദേശങ്ങളിലും ഇന്നും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
ചൂട് തുടരും
ഉച്ച വരെ കനത്ത ചൂടായിരിക്കും പൊതുവെ അനുഭവപ്പെടുക. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടര്‍ന്നേക്കും.
ജാഗ്രത നിർദ്ദേശം
കേരള, കര്‍ണാടക, തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
മൂഴിയാർ ഡാം തുറക്കാൻ സാധ്യത
പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യത. നിലവിൽ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.