50,000 വർഷത്തിന് ശേഷം പച്ചനിറത്തിലുള്ള ധൂമകേതു ഫെബ്രുവരി ആദ്യവാരം നഗ്നനേത്രം കൊണ്ട് കാണാം. ഇത് ഇപ്പോൾ ഭൂമിയോട് അടുത്തു വരികയാണ്.
ഈ അപൂര്‍വ വാല്‍നക്ഷത്രം ഇതിന് മുൻപ് ഭൂമി സന്ദര്‍ശിച്ചപ്പോള്‍ രണ്ട് മനുഷ്യ വര്‍ഗങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു. ആധുനിക മനുഷ്യരായ ഹോമോ സാപിയന്‍സും പിന്നെ നിയാഡര്‍താലുകളും. ഏതാനും ദിവസങ്ങള്‍ക്കകം ഭൂമി വിട്ട് അങ്ങു ദൂരെ ക്ഷീരപഥത്തിന്റെ അതിരിലേക്ക് സഞ്ചരിക്കുന്ന ഈ പച്ച വാല്‍ നക്ഷത്രം ഇനി അരലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് ഭൂമി സന്ദര്‍ശിക്കുക. അപ്പോള്‍ ഭൂമിയും മനുഷ്യരും മറ്റു ജീവജാലങ്ങളും എന്തിന് ഭൂമി പോലും ഇന്നത്ത അവസ്ഥയിലാവില്ലെന്ന് മാത്രം ഉറപ്പിക്കാം.
ഫെബ്രുവരി ആദ്യത്തോടെ ഭൂമിയില്‍ പലയിടത്തു നിന്നും മനുഷ്യര്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ വാല്‍ നക്ഷത്രത്തെ കാണാനാകുമെന്നതാണ് മറ്റൊരു സവിശേഷത.
ശ്രദ്ധയിൽ പെട്ടത് കഴിഞ്ഞ വർഷം
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാത്രമാണ് ഇങ്ങനെയൊരു വാല്‍ നക്ഷത്രത്തെ ആദ്യമായി വാന നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്. അമേരിക്കയിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി (ZTF) യിലുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ക്യാമറ ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ C/2022 E3(ZTF) എന്നാണ് ഈ പച്ച വാല്‍നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്.
സൗരയൂഥ അതിർത്തി കണ്ട് വരുന്നു
വ്യാഴത്തിന്റെ ഭ്രമണപഥത്തിന് സമീപത്തുവച്ച് ഇതിനെ ആദ്യം കണ്ടെത്തിയപ്പോള്‍ ഛിന്നഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയത്. എന്നാല്‍ പിന്നീട് നീണ്ട പച്ചവാല്‍ ദൃശ്യമായതോടെ വാല്‍നക്ഷത്രം തെളിഞ്ഞു വരികയായിരുന്നു. നമ്മുടെ സൗരയൂഥത്തിന്റെ അതിര്‍ത്തിയായി കണക്കാക്കുന്ന ഒര്‍ട്ട് മേഘങ്ങള്‍ വരെ നീളുന്നതാണ് ഈ വാല്‍നക്ഷത്രത്തിന്റെ ഭ്രമണ പഥം. അതുകൊണ്ടാണ് ഓരോ തവണ സൂര്യനെ ഭ്രമണം ചെയ്യാനും ഇത്രയേറെ സമയം വേണ്ടി വരുന്നത്.
എന്താണ് ഒർട്ട് മേഘം ?
സൂര്യനില്‍ നിന്നും ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെഞ്ച്വറിയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് പ്രദേശം ധൂമകേതുക്കളുടെ കൂട്ടമായ ഈ ഒര്‍ട്ട് മേഘമാണ്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന്റെ അവസാനഭാഗമാണ് ഒര്‍ട്ട് മേഘങ്ങള്‍. വാല്‍നക്ഷത്രങ്ങളുടെ വീടെന്നും ഒര്‍ട്ട് മേഘത്തിനെ വിശേഷിപ്പിക്കാറുണ്ട്.
ഫെബ്രുവരി രണ്ടിനാണ് പച്ച വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തുക. അപ്പോഴും ഭൂമിയില്‍ നിന്നും 2.5 പ്രകാശ മിനിറ്റ് അഥവാ 2.7 കോടി മൈല്‍ ദൂരത്തിലായിരിക്കും ഈ വാല്‍നക്ഷത്രം സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂമിയില്‍ ഇതു വന്നിടിക്കുമെന്ന ആശങ്ക വേണ്ട. ഇപ്പോഴുള്ള തെളിച്ചം തുടര്‍ന്നാല്‍ ബൈനോക്കുലറുകളുടേയും ടെലസ്‌കോപുകളുടേയും സഹായത്തില്‍ വളരെയെളുപ്പത്തില്‍ ഈ വാല്‍ നക്ഷത്രത്തെ കാണാനാവുമെന്നാണ് നാസ അറിയിക്കുന്നത്.
പ്രകാശ മലിനീകരണം കുറഞ്ഞ ആകാശത്ത് കാണാം
പ്രകാശ മലിനീകരണം കുറഞ്ഞ ഇരുണ്ട ആകാശമുള്ള പ്രദേശങ്ങളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടും ഇതിനെ കാണാം. നമ്മുടെ ആകാശത്ത് വടക്കു പടിഞ്ഞാറ് ബൂടെസ് നക്ഷത്രങ്ങളുടെ 16 ഡിഗ്രി മുകളിലാണ് പച്ചവാല്‍ നക്ഷത്രത്തെ കാണാനാവുകയെന്നാണ് വെതര്‍ ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയില്‍ ലഡാക്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെയാണ് ഈ വാല്‍നക്ഷത്രത്തെ എളുപ്പം കാണാനാവുക.
നേരിട്ട് കാണാനായില്ലങ്കിലും പച്ച വാല്‍ നക്ഷത്രത്തെ കാണാനും സഞ്ചാരം ആസ്വദിക്കാനും വഴിയുണ്ട്. വെര്‍ച്ചുല്‍ ടെലസ്‌കോപ് പ്രൊജക്ട് അവരുടെ വെബ് സൈറ്റിലും യുട്യൂബ് ചാനലിലും ഇതിനുള്ള മാര്‍ഗം ഒരുക്കുന്നു. ഫെബ്രുവരി ഒന്നിന് രാത്രി 11 (EST) മുതല്‍ വാല്‍നക്ഷത്രത്തിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.
എന്തുകൊണ്ട് പച്ചനിറം?
സൗരയൂഥത്തിന്റെ ജനന സമയത്തു രൂപം കൊണ്ട തണുത്തുറഞ്ഞ പാറയോ വാതകങ്ങളോ നിറഞ്ഞ വസ്തുക്കളാണ് സാധാരണ വാല്‍ നക്ഷത്രങ്ങള്‍. അവയില്‍ അടങ്ങിയ വസ്തുക്കളും വേഗവും സഞ്ചാരപഥവുമെല്ലാം വാല്‍ നക്ഷത്രങ്ങളുടെ വാലിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്. ഇവിടെ വാല്‍ നക്ഷത്രത്തിന്റെ നിറം തന്നെ പച്ചയാണ്. വാലുപോലെ പിന്നിലേക്കു പോവുന്ന വെളിച്ചം വെളുത്ത നിറത്തിലുള്ളതുമാണ്.
ആ വാലിനു പിന്നിൽ?
സൂര്യനോട് കൂടുതല്‍ അടുക്കുമ്പോള്‍ ചൂടുകൊണ്ട് കൂടുതല്‍ വാതകങ്ങളും പൊടികളും ധൂമകേതുക്കള്‍ പുറത്തുവിടാറുണ്ട്. ഈ സമയത്ത് അവയ്ക്ക് ഒരു ഗ്രഹത്തേക്കാളും വലിപ്പമുണ്ടാവാറുണ്ടെന്നും നാസ വിശദീകരിക്കുന്നു. ധൂമകേതുക്കള്‍ ഇങ്ങനെ പുറത്തുവിടുന്ന വാതകങ്ങളും പൊടിയുമാണ് നമുക്ക് വാലു പോലെ തോന്നിക്കുന്നത്. പച്ചക്ക് പുറമേ നീല, വെളുപ്പ് നിറങ്ങളിലും വാല്‍ നക്ഷത്രങ്ങള്‍ കണ്ടുവരാറുണ്ട്.