25 ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, കേരളത്തിലും മഴ എത്തും
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു. ഈ മാസം 25 ഓടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഈ സിസ്റ്റം നിലവില്‍ കനത്ത മഴ തുടരുന്ന ഒഡിഷയില്‍ വീണ്ടും കനത്ത മഴക്കും വെള്ളക്കെട്ടുകള്‍ക്കും കാരണമാകുമെന്നാണ് നിരീക്ഷണം. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കര കയറിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒഡിഷയില്‍ ഇന്നലെയും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിരുന്നു.
പുതിയ ന്യൂനമര്‍ദം കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ ഓഗസ്റ്റ് 26 ന് ശേഷം മൂന്നു ദിവസം മഴ നല്‍കാന്‍ കാരണമാകും. ഓഗസ്റ്റ് 25 ന് ശേഷം അന്തരീക്ഷത്തില്‍ മാറ്റമുണ്ടാകും. അതുവരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴ ദുര്‍ബലമായി തുടരുകയും കൂടുതല്‍ സമയം വെയില്‍ ലഭിക്കുകയും ചെയ്യും. ഒറ്റപ്പെട്ട മഴ ഈ കാലയളവിലും പ്രതീക്ഷിക്കാം.
ഓഗസ്റ്റ് 26 ന് കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴ സാധ്യത. 27 മുതല്‍ 29 വരെ എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ ഇംഗ്ലീഷ് അപ്‌ഡേഷനില്‍ സൂചിപ്പിച്ചതുപോലെ ജാഗ്രത വേണ്ടിവരുന്ന തീവ്രമഴക്ക് സാധ്യത കുറവാണ്.
കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമര്‍ദം നിലവില്‍ ബംഗ്ലാദേശിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുകയാണ്. പശ്ചിമബംഗാള്‍, ഒഡിഷ, ജില്ലകളിലും ബംഗ്ലാദേശിലും ഇത് കനത്ത മഴ നല്‍കുന്നുണ്ട്. മണ്‍സൂണ്‍ മഴപാത്തിയും ബംഗാളിനു മുകളിലൂടെ കടന്നു പോകുന്നതിനാല്‍ അവിടെ മഴ ശക്തമാണ്.
നിങ്ങളുടെ പ്രദേശത്തെ നാളത്തെ കാലാവസ്ഥ അറിയാം visit metbeat.com