ശക്തമായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും യു എസിൽ നാല് മരണം
ഈയാഴ്ച യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നാലു മരണവും നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. നാലു സംസ്ഥാനങ്ങളിലായാണ് നാലു മരണം റിപ്പോർട്ട് ചെയ്തത്.
ചാൾസ്റ്റാൺ ദിനപത്രമായ പോസ്റ്റ് ആൻഡ് കൊറിയർ റിപ്പോർട്ട് ചെയ്തത് പ്രകാരം വാഹനം വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്നാണ് 72 വയസ്സുള്ള ഒരു സ്ത്രീ മരിച്ചത്. പെൻസിൽ വാനിയയിൽ കനത്ത മഴയെ തുടർന്ന് നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. മരം മുറിച്ചു മാറ്റുന്നതിനിടെയാണ് മറ്റൊരു മരണം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
പ്ലിമൗത്ത് കൗണ്ടിയിൽ മരം വീണതിനെ തുടർന്ന് 89 കാരനായ ഒരാൾ കൊല്ലപ്പെട്ടതായി ജില്ലാ അറ്റോണി പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ കാറ്റിലും മഴയിലും ന്യൂയോർക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. ഡ്രൈനേജ് ഏരിയകളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം വടക്കൻ ന്യൂ ജേഴ്സിയിൽ പാസായിക് നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് മേയർ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അർദ്ധരാത്രി തന്നെ ആളുകളോട് വീടുകളിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. ചൊവ്വാഴ്ചയോടെ നദി കരകവിഞ്ഞൊഴുകുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കൊടുങ്കാറ്റ് കാനഡയിലേക്ക് നീങ്ങിയെങ്കിലും കൊടുങ്കാറ്റിന്റെ ദുരിതങ്ങൾ ഇപ്പോഴും തുടരുകയാണ്. നിരവധി കമ്മ്യൂണിറ്റികൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ പ്രദേശങ്ങളിൽ എല്ലാം വെള്ളപ്പൊക്ക മുന്നറിയിപ്പ് എപ്പോഴും നിലനിൽക്കുകയാണ്.
വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ കാറ്റ് തുടരുകയാണ്. തിങ്കളാഴ്ച രാത്രിയോടെ മഴ കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 660000 ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ല.
അതേസമയം യുഎസിൽ 500ലധികം ഫ്ലൈറ്റുകൾ തിങ്കളാഴ്ച റദ്ദാക്കുകയും 4700 അധികം വിമാനങ്ങൾ വൈകി ഓടുകയും ചെയ്തു.
വെള്ളം കയറിയ വാഹനങ്ങളിൽ കുടുങ്ങിയ നിരവധി പേരെ അധികൃതർ രക്ഷപ്പെടുത്തി. ന്യൂ ജേഴ്സിയിലെ നവാർക്കിൽ വെള്ളം കയറിയ വാഹനങ്ങളിൽ നിന്ന് ഏഴുപേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.