ചൂട് ആസ്വദിക്കാന്‍ അതിശൈത്യ രാജ്യങ്ങളിൽ നിന്ന് വിദേശികൾ കൊച്ചിയിലേക്ക്

ചൂട് ആസ്വദിക്കാന്‍ അതിശൈത്യ രാജ്യങ്ങളിൽ നിന്ന് വിദേശികൾ കൊച്ചിയിലേക്ക്

യൂറോപ്യൻ രാജ്യങ്ങളെല്ലാം അതിശൈത്യത്തിന്റെ പിടിയിലാണ്. അതിനാൽ തന്നെ മിക്ക വിദേശ സഞ്ചാരികളും കൊച്ചിയിലെത്തി ചുട്ടുപൊള്ളുന്ന ചൂട് ആസ്വദിക്കുകയാണ്.ചൂട് കൂടുമ്പോള്‍, നമ്മള്‍ മലയാളികള്‍ മൂന്നാറിലെയും ഊട്ടിയിലേയും തണുപ്പുതേടി പോകുന്നത് പോലെയാണിത്. സാധാരണ മാര്‍ച്ച് മാസത്തില്‍ വിദേശത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് കുറയും.

ഇത്തവണ പക്ഷേ, കൂടുകയാണുണ്ടായത്. ‘മാര്‍ച്ച് മാസത്തില്‍ ഈ രീതിയില്‍ സഞ്ചാരികളെ കാണാറില്ല, ഇക്കുറി വരവ് കൂടിയിട്ടുണ്ട്. ഹോംസ്റ്റേകളിലും ഹോട്ടലിലുമൊക്കെ അതിഥികളുണ്ട്.’ ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം.പി. ശിവദത്തന്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ
ഹോംസ്റ്റേകളിലൊക്കെ വിദേശ സഞ്ചാരികളുണ്ട്.

പകല്‍സമയത്ത് വെയിലുകൊള്ളാന്‍ ഇറങ്ങുന്ന സഞ്ചാരികളെ കാണാം. മാര്‍ച്ചില്‍ പ്രതീക്ഷിക്കാത്ത വരവാണിത്. ഫെബ്രുവരിക്കു മുന്‍പുതന്നെ സഞ്ചാരികളുടെ വരവ് നില്‍ക്കുമെന്നാണ് കരുതിയത്. ഇത് വലിയ മാറ്റമാണ്. ഹോംസ്റ്റേ സംരംഭകര്‍ക്ക് നേട്ടമാകും. ഹോംസ്റ്റേ ഓണേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ജോസഫ് ഡൊമിനിക്ക് പറയുന്നു.

അമേരിക്ക ഫ്രാൻസ് ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ അതിശൈത്യമായതിനാൽ അവിടെ നിന്നുള്ള സഞ്ചാരികളാണ് കൊച്ചിയിലേക്ക് കൂടുതൽ എത്തുന്നത്.കൊച്ചി പോലുള്ള ഡെസ്റ്റിനേഷനുകളിലെ ചൂടും മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. ചൂടും ടൂറിസം പ്രോഡക്ടായി മാറുന്നു. ചൂട് മുന്‍കൂട്ടി പറഞ്ഞ് വന്‍കിട കമ്പനികള്‍ തയ്യാറാക്കിയ പാക്കേജുകളിൽ ധാരാളം സഞ്ചാരികൾ കൊച്ചിയിലേക്ക് വരുന്നുണ്ട്.

സണ്‍ ബാത്തും വിദേശികള്‍ക്ക് താത്പര്യമുള്ള കാര്യമാണെങ്കിലും ഇത്തവണ വിദേശികളെ കടപ്പുറത്ത് അധികം കാണുന്നില്ല. വെയിലേറ്റ് നടക്കാനാണ് അവർ കൂടുതൽ താല്പര്യം കാണിക്കുന്നത്. യൂറോപ്പിൽ ശൈത്യം തുടർന്നാൽ സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാവും. കൊച്ചിയുടെ ടൂറിസം സീസൺ അപ്പോൾ ഏപ്രിൽ വരെ തുടരാനും സാധ്യതയുണ്ട്.

metbeat news

This Content originally published in Mathrubhumi online,Photo credit Mathrubhumi Online

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment