വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയ പ്രദേശത്ത് ആടുകൾ ഒരു പ്രത്യേകരീതിയിൽ വട്ടം ചുറ്റുന്നത് ഉടമയേയും മറ്റുള്ളവരേയും പരിഭ്രാന്തിയിലാക്കി. തുടർച്ചയായ 12 ദിവസമാണ് ആടുകൾ ഇതുപോലെ വട്ടത്തിൽ നടന്നത്. പ്രദേശത്തുണ്ടായിരുന്ന സർവയലൻസ് ക്യാമറയിലാണ് ഈ വിചിത്രമായ രംഗം പതിഞ്ഞത്. തുടർന്ന് അത് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു.
ഒരു ഫാമിന് സമീപത്താണ് ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നത്. വിചിത്രമായ ദൃശ്യം ചൈനീസ് സർക്കാർ ഔട്ട്‌ലെറ്റായ പീപ്പിൾസ് ഡെയ്‌ലിയാണ് പുറത്തുവിട്ടത്. ആടുകൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്നു എന്നും എന്നാൽ ഈ വിചിത്രമായ നടത്തത്തിന്റെ കാരണം ദുരൂഹമായി തുടരുന്നു എന്നും അവർ റിപ്പോർട്ട് ചെയ്തു.
The great sheep mystery! Hundreds of sheep walk in a circle for over 10 days in N China's Inner Mongolia. The sheep are healthy and the reason for the weird behavior is still a mystery. pic.twitter.com/8Jg7yOPmGK
— People's Daily, China (@PDChina) November 16, 2022
മിയാവോ എന്നാണ് ആടുകളുടെ ഉടമയുടെ പേര്. ആദ്യം കുറച്ച് ആടുകളാണ് ഇങ്ങനെ നടന്നു തുടങ്ങിയത്. പിന്നീട്, മറ്റ് ആടുകളും ആ കൂട്ടത്തിൽ ചേർന്നു. 34 ആട്ടിൻ തൊഴുത്തുകളാണ് അവിടെ ഉള്ളത്. എന്നാൽ, അതിൽ നമ്പർ 13 എന്ന ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഇത്തരത്തിൽ നടന്നത് എന്നും മിയാവോ പറഞ്ഞു.
നവംബർ നാല് വരെയാണ് ആടുകൾ ഇങ്ങനെ വട്ടത്തിൽ നടന്നത്. ആടുകളുടെ ഈ വിചിത്രമായ പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്നാണ് ചിലർ കരുതുന്നത്. വിഷാദം പോലെയുള്ള ലക്ഷണങ്ങൾ ഈ വട്ടത്തിൽ നടന്ന ആടുകൾ പ്രകടിപ്പിച്ചിരുന്നു എന്നും പറയുന്നു.
ഗുണനിലവാരം കുറഞ്ഞ തീറ്റ കൊടുത്തതിനെ തുടർന്ന് ആടുകൾക്കും ചെമ്മരിയാടുകൾക്കും ഈ രോഗമുണ്ടാകാമെന്നും രോഗം ഗുരുതരമാണ് എങ്കിൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ അവ മരണപ്പെടാൻ സാധ്യതയുണ്ട് എന്നും പറയുന്നു.