kerala weather 03/10/24: ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെടും, ഇന്നത്തെ മഴ സാധ്യത
വടക്കൻ ബംഗാൾ ഉൾകടലിൽ നാളെ (വെള്ളി) ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്കൻ ആൻഡമാൻ കടലിനും മ്യാൻമറിനും സമീപമായി നിലകൊള്ളുന്ന ചക്രവാത ചുഴി (cyclonic circulation) ശക്തിപ്പെടുകയും നാളെയോടെ ന്യൂനമർദ്ദം ആകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കാലവർഷം വിടവാങ്ങുന്നതിനു മുമ്പുള്ള അവസാന ന്യൂനമർദ്ദം ആകാനാണ് സാധ്യത.
ബംഗ്ലാദേശിന് മുകളിലായി ഒരു അന്തരീക്ഷ ചുഴിയും (upper air circulation – UAC) നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശത്തെ ചക്രവാത ചുഴിയിൽ നിന്ന് ഈ മേഖലയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും.
മാലദ്വീപിന് സമീപമായി കഴിഞ്ഞ ദിവസം കന്യാകുമാരി കടലിൽ നിന്ന് എത്തിയ ചക്രവാത ചുഴി ദുർബലമായി നിലകൊള്ളുന്നു. ഇതിൻ്റെ സ്വാധീനം മൂലം കന്യാകുമാരി കടൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രദേശങ്ങൾ അറബിക്കടൽ എന്നിവിടങ്ങളിൽ മേഘരൂപീകരണം നടക്കുകയും ഒറ്റപ്പെട്ട മഴക്ക് സാധ്യത നൽകുകയും ചെയ്യുന്നു. ലക്ഷദ്വീപിലും മാലദ്വീപിലും ആണ് കൂടുതൽ മഴ സാധ്യത.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ അറബി കടലിൽ മേഘരൂപീകരണം നടക്കുകയും മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ കാറ്റ് പൂർണ്ണമായും അനുകൂലമല്ലാത്തതിനാൽ മഴ കടലിലും മറ്റുമായി ചെയ്തു പോകാനാണ് സാധ്യത. ഇടക്ക് മേഘാവൃതമായ അന്തരീക്ഷം വരുമെങ്കിലും മഴ ഇപ്പോൾ പെയ്യുമെന്ന പ്രതീതി ഉണ്ടാക്കി പെയ്യാതെ പോകും.
കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ രാവിലെ ഭാഗികമായി മേഘാവൃതമാകും. മറ്റു ജില്ലകളിലും മേഘസാന്നിധ്യം ഉണ്ടാകുമെങ്കിലും വെയിൽ ഉണ്ടാകും. കഴിഞ്ഞ ദിവസത്തോളം ദിവസത്തെ പോലെ കേരളത്തിൽ ഇന്നുച്ചയ്ക്ക് ഇടിയോടുകൂടി വ്യാപകമായ മഴക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട മഴ ഇടുക്കി ജില്ലയിലും കാസർകോട് ജില്ലയിലും ലഭിക്കും. തമിഴ്നാട്ടിലെ കൊടൈക്കനാൽ കാസർകോട് ജില്ലയോട് ചേർന്നുള്ള കർണാടകയിലെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴ സാധ്യത. അതേസമയം തമിഴ്നാടിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ ഇടിയോട് ശക്തമായ മഴ ഇന്ന് വൈകിട്ടും രാത്രിയും പ്രതീക്ഷിക്കണം.
കാലവർഷം ഉത്തരേന്ത്യയിൽ നിന്ന് വിടവാങ്ങുന്നത് പുരോഗമിച്ചിട്ടുണ്ട്. രാജസ്ഥാനിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും കാലവർഷം വിടവാങ്ങി. ഗുജറാത്തിന്റെ പകുതി ഭാഗവും കാലവർഷം വിടവാങ്ങി. ജമ്മു കാശ്മീർ ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കാലവർഷം വിടവാങ്ങിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോഴും ഈർപ്പമുള്ള കാലവർഷക്കാറ്റിന്റെ സ്വാധീനം നിലനിൽക്കുന്നു കാലവർഷം ഏറ്റവും അവസാനം വിടവാങ്ങുക കേരളത്തിൽ നിന്നാണ്.
Join our WhatsApp Channel