മഴക്കാല രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ; നിർദേശങ്ങൾ കൃത്യമായി പാലിക്കുക മന്ത്രി

കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ക്യാമ്പിലാർക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെ പാർപ്പിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് മരുന്ന് മുടങ്ങരുത്. കുട്ടികൾ, ഗർഭിണികൾ, കിടപ്പ് രോഗികൾ എന്നിവർക്ക് പ്രത്യേക കരുതൽ വേണം.

എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ഉറപ്പ് വരുത്തണം. ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി

മഴയ്ക്ക് ശേഷം വരുന്ന രോഗങ്ങൾ ശ്രദ്ധിക്കണം. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം.

മഴക്കാല രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ; നിർദേശങ്ങൾ കൃത്യമായി പാലിക്കുക മന്ത്രി
മഴക്കാല രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ; നിർദേശങ്ങൾ കൃത്യമായി പാലിക്കുക മന്ത്രി

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ എന്നിവയാണ് മഴയ്ക്ക് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങൾ. ക്യാമ്പിലുള്ളവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാനും സാധിക്കും.

എലിപ്പനി – മണ്ണുമായോ മലിന ജലവുമായോ സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.

മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കേണ്ടതാണ്. ആരംഭത്തിൽ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

ഡെങ്കിപ്പനി, മലമ്പനി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളിൽ നിന്നും രക്ഷനേടുവാൻ വീടും പരിസരവും, ക്യാമ്പുകളും വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നശിപ്പിക്കണം.

എച്ച് 1 എൻ 1, വൈറൽ പനി, ചിക്കൻപോക്സ് തുടങ്ങിയ വായുജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ മാസ്‌ക് ഉപയോഗിക്കുന്നത് അഭികാമ്യം.

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം നൽകുക.

കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം എന്നിവയും കൂടുതലായി നൽകുക. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക. മലിനജലത്തിൽ ഇറങ്ങുന്നവർ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment