Menu

മാലിന്യ സംസ്കരണം സുഗമമാക്കാൻ വിവിധ കർമ്മ പദ്ധതികളുമായി എറണാകുളം ജില്ലാ ഭരണകൂടം

നിലവിലുള്ള നിയമങ്ങൾ ശക്തമാക്കി മാലിന്യ സംസ്കരണത്തിനായി പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് എറണാകുളം ജില്ലാ ഭരണകൂടം.ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടികൾ തുടങ്ങുന്നത്. പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനു പകരം നിലവിലുള്ള നിയമങ്ങൾ ശക്തിപ്പെടുത്തി ആണ് കർമ്മപദ്ധതി നടപ്പാക്കുന്നത്.

ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഏപ്രില്‍ പത്തിനകം മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കാനാണ് തീരുമാനം. മാര്‍ച്ച് 13 മുതല്‍ കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി അടിയന്തര കൗണ്‍സില്‍ യോഗങ്ങള്‍ ചേരും. തുടര്‍ന്ന് മുഴുവന്‍ വീടുകളിലും നിയമപരമായ നോട്ടീസ് എത്തിക്കും.

എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാര്‍ച്ച് 17നകം റിപ്പോര്‍ട്ട് നല്‍കണം. ഇവര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. തൊഴിലുറപ്പ് തൊഴിലാളികളെയും ഇതിനായി ഉപയോഗിക്കാം. കൃത്യമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും. ഫ്‌ളാറ്റ്, ഗേറ്റഡ് കോളനി എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ എവിടേക്ക് കൊണ്ടുപോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കണം.

ശുചിമുറി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കണം. ഇവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മെയ് ഒന്നു മുതല്‍ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, യുവജന ക്ലബുകള്‍, എന്നിവയുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങള്‍.

വേസ്റ്റ് ബിന്നുകള്‍ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാതലത്തിലും പ്രാദേശിക തലത്തിലും വാര്‍ റൂമുകള്‍ സജ്ജമാക്കും. കളക്ടറേറ്റില്‍ രൂപീകരിക്കുന്ന ജില്ലാ തല എംപവര്‍ കമ്മിറ്റിക്ക് സ്വതന്ത്രമായ അധികാരം നല്‍കും. കളക്ടറാകും ഈ കമ്മിറ്റിയുടെ നോഡല്‍ ഓഫീസര്‍. കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി അടുത്തദിവസം മുതല്‍ വിപുലമായ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ ആരംഭിക്കും.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed