വേനൽ സീസൺ തുടങ്ങുന്ന മാർച്ചിന് ഏതാനും ദിവസം ശേഷിക്കെ കഴിഞ്ഞ മൂന്നു വർഷമായി തുടർന്ന ലാനിന പ്രതിഭാസത്തിന് വിട. മാർച്ചോടെ ലാനിന പ്രതിഭാസം മാറി ന്യൂട്രൽ സാഹചര്യത്തിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണം. മാർച്ചിന് ശേഷം എൻസോ ന്യൂട്രലിൽ നിന്ന് വരൾച്ചക്ക് ഇടയാക്കുന്ന എൽനിനോയിലേക്കും പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരി താപനിലയിൽ മാറ്റമുണ്ടാകും.
എന്താണ് എൻസോ? El Nino, La Nina ?
കിഴക്കൻ പസഫിക് സമുദ്രത്തിലെ (tropical eastern Pacific Ocean) ഭൂമധ്യരേഖയോട് ചേർന്നുള്ള ഭാഗത്തെ കാറ്റിന്റെയും സമുദ്രോപരിതാപനില sea surface temperature (SST) യിലും വരുന്ന മാറ്റത്തെയാണ് ENSO എന്നതു കൊണ്ട് സൂചിപ്പിക്കുന്നത്. ഇവിടത്തെ മാറ്റമാണ് ട്രോപിക്, സബ് ട്രോപിക് മേഖലയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. കിഴക്കൻ പസഫിക് സമുദ്രത്തിലെ (tropical eastern Pacific Ocean) ലെ സമുദ്രോപരിതാപനില കുറയുന്നതിനെ ലാ നിന La Nina എന്നും ചൂടു കൂടുന്നതിനെ El Nino എന്നും വിളിക്കുന്നു.
ഈ മേഖലയിൽ കടൽ ചൂടാകുന്നതും തണുക്കുകയും ചെയ്യുന്നതിനനുസരിച്ചാണിത്. താപനില സാധാരണ നിലയിലാണെങ്കിൽ ENSO ന്യൂട്രൽ എന്നു പറയും. ഈ സാഹചര്യമാണ് അടുത്ത മാർച്ചിൽ വരുന്നത്. ഇതുവരെ ലാ നിനയായിരുന്നു. കടൽ ചൂടാകാൻ തുടങ്ങിയതോടെ എൻസോ ന്യൂട്രലിലേക്കും തുടർന്നും ചൂടാകൽ തുടർന്നാൽ എൽനീനോയിലേക്കും മാറും.
ഇനി എങ്ങനെ കാലാവസ്ഥയെ സ്വാധീനിക്കും
സാധാരണ എൽനിനോ ഇന്ത്യയിൽ വരൾച്ചയ്ക്ക് കാരണമാകാറുണ്ട്. ലാ നിന അതിവർഷത്തിനും. എന്നാൽ എൽനിനോയും ലാനിനയും മാത്രമല്ല ഇന്ത്യൻ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. പസഫിക് സമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട പ്രതിഭാസമാണിത്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഓഷ്യൻ ഡൈപോളും കൂടി ഇന്ത്യൻ കാലാവസ്ഥയിൽ പ്രധാനമാണ്. എൽനിനോ വന്നാൽ ഇന്ത്യയിൽ എല്ലായിടത്തും വരൾച്ചയുണ്ടാകില്ല.
ലാ നിന വന്നാൽ എല്ലായിടത്തും അതിവർഷവുമുണ്ടാകില്ല. അതിനാൽ മറ്റു കാര്യങ്ങൾ കൂടി വിലയിരുത്തണം. കാലാവസ്ഥാ നിരീക്ഷകർ അടുത്ത ദിവസങ്ങളിൽ ഇത്തരം വിഷയങ്ങൾ കൂടി പഠിച്ച ശേഷം വിശദാംശങ്ങൾ നൽകും. അതിനാൽ കാലാവസ്ഥ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുക.