അമേരിക്കയിലെ ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഭൂചലനം; വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഭൂചലനം. ന്യൂയോര്‍ക്ക്, ന്യൂജെയ്‌സി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ന്യൂയോര്‍ക്ക്, ന്യൂജെയ്‌സി സംസ്ഥാനങ്ങളോടൊപ്പം വാഷിങ്ടൺ ഡി.സി, പെൻസിൽവാനിയ എന്നീ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂജെയ്‌സിയിലെ ലെബനന്‍ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് സ്ഥിരീകരിച്ചിട്ടുണ്ട്. 1973ന് ശേഷം ഈ പ്രദേശത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഭൂചലനമാണിത്.
ഏകദേശം ഒരു മിനിറ്റോളം ഭൂചലനം നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.
എന്നാല്‍ വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്. നൂവാര്‍ക്ക്, ജെ.എഫ്.കെ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. റണ്‍വേകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സര്‍വീസ് നിര്‍ത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.