മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായതായി വിവരം. മേൽമുറി വില്ലേജ് പരിധിയിൽ ചീരങ്ങൻമക്ക് . ചൊടലക്കുണ്ട് . ചുങ്കം , പൊട്ടിപ്പാറ ഭാഗങ്ങളിൽ ചെറിയ രീതിയിലുള്ള ശബ്ദവും ഭൂചലനവും ഉണ്ടായതായാണ് വിവരം. National Center for Seismology യോ ജർമൻ ഏജൻസിയോ ഒന്നും ഭൂചലനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഭൂചലനം ഉണ്ടായത് എന്ന് നാട്ടുകാർ പറയുന്നു.
അസാധാരണ രീതിയിലുള്ള വലിയ ശബ്ദവും വിറയലും അനുഭവപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആളുകൾ പരസ്പരം വിവരങ്ങൾ കൈമാറിയതോടെയാണ് വിവിധ ഇടങ്ങളിൽ ഇതേ അനുഭവം ഉണ്ടായതായി അറിയുന്നത്. നഗരസഭ പരിധിയിലെ വിവിധ ഇടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ചിലർ അറിയിച്ചെന്നും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നഗരസഭ ചെയർമാൻ മുജീബ് കാടേരി അറിയിച്ചു.
അതേസമയം സംഭവിച്ചത് ഭൂചലനമാണ് എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പരിശോധനകൾക്ക് ശേഷമാകും ഇതിന്റെ സ്ഥിരീകരണം ഉണ്ടാവുക.