ബിപർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ കര തൊടും ; 10000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ബിപർജോയ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി (very severe cyclone). വ്യാഴാഴ്ചയോടെ ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്ട്ര കച് തീരത്ത് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്ര ചുഴലിക്കാറ്റ് ( Extreme severe cyclone) ഇന്ന് രാവിലെയോടെയാണ് ശക്തികുറഞ്ഞത്. ഈ മേഖലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

പതിനായിരത്തോളം പേരെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒന്നരലക്ഷത്തോളം മൃഗങ്ങളെയും സുരക്ഷിത മേഖലകളിലേക്ക് മാറ്റി. മണിക്കൂറിൽ 150 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് കരതൊടുമെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

ഗുജറാത്തിൽ നാലു മരണം. മൂന്നു കുട്ടികൾ ഉൾപ്പെടെ 4 പേർ ഇതിനകം ഗുജറാത്തിൽ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരം വീണാണ് അപകടം. ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഭുജ് ടൗണിൽ നാലു വയസുള്ള രണ്ടു ആൺകുട്ടികളും ആറുവയസുള്ള പെൺകുട്ടിയും മരിച്ചെന്നാണ് റിപ്പോർട്ട്. മരണം വീണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയയായിരുന്നയാളാണ് മരിച്ചത്. ഗുജറാത്തിലും രാജസ്ഥാന്റെ തെക്കൻ മേഖലകളിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിപ്പ്.

അഞ്ച് ദിവസത്തേക്ക് മത്സ്യ ബന്ധനത്തിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ച് കേന്ദ്രമന്ത്രിമാരാണ് ഗുജറാത്തിൽ നേരിട്ട് എത്തി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് എല്ലാവിധ സഹായവും ഉറപ്പു നൽകി.

Leave a Comment