മൺസൂൺ ബ്രേക്ക് തുടങ്ങിയതോടെ കേരളത്തിലെ മഴ സാധ്യതയും കുറഞ്ഞു. ബ്രേക്ക് സാഹചര്യം അടുത്ത 7 ദിവസം തുടരാനാണ് സാധ്യത. കാലവർഷപാത്തി ഹിമാലയൻ മേഖലയിൽ കേന്ദ്രീകരിക്കുകയും കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യയിൽ മഴ കുറയുന്നതുമായ സാഹചര്യമാണ് മൺസൂൺ ബ്രേക്ക്. നിലവിൽ കാലവർഷ പാത്തി എന്ന Monsoon Trough ഇപ്പോൾ സാധാരണ നിലയിൽ തുടരുകയാണ്. കാലവർഷ പാത്തിയുടെ വടക്കേ ഭാഗം ഹിമാലയൻ മേഖലയിലാണുള്ളത്. ഉത്തർപ്രദേശിനും ബിഹാറിനും ഇടയിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മേഘങ്ങളെ ഈ മേഖലയിൽ കേന്ദ്രീകരിക്കുകയും മഴ തെക്കോട്ട് കുറയുകയും ചെയ്യും. കഴിഞ്ഞ രണ്ടു ദിവസമായി ദക്ഷിണേന്ത്യ, കൊങ്കൺ ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരം മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ മഴ സാധാരണ തോതിലോ ഇടത്തരം മഴയോ ആണ് റിപ്പോർട്ട് ചെയ്തത്.
കർക്കിടകത്തിൽ പതിവാണ് ബ്രേക്ക്
കർക്കിടത്തിൽ കുറച്ച് ദിവസം നല്ല മഴയും ഒരാഴ്ചയോളം വെയിലും പതിവാണ്. പക്ഷേ ഇത്തവണ കർക്കിടകത്തിൽ മഴ വിട്ടു നിന്ന് വേനൽക്കാലത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഓഗസ്റ്റ് മൂന്നു മുതൽ ഇന്നു വരെയുള്ള കഴിഞ്ഞ ഒരാഴ്ചത്തെ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളിൽ തീരെ മഴ ലഭിച്ചില്ല. മറ്റു ജില്ലകളിൽ മഴ രേഖപ്പെടുത്തിയെങ്കിലും ഈ കാലയളവിൽ ലഭിക്കേണ്ട മഴയുമായി താരതമ്യപ്പെടുത്തുമ്പോൾ മഴക്കുറവ് 90 ശതമാനത്തിനു മുകളിലാണ്. കഴിഞ്ഞ ആഴ്ച പാലക്കാട്ടെ മഴക്കുറവ് 98 ശതമാനമാണ്. തൃശൂരിൽ 99 ശതമാനവും ഇടുക്കിയിൽ 97 ശതമാനവും പത്തനംതിട്ടയിൽ 99 ശതമാനവും എറണാകുളത്ത് 99 ശതമാനവും കോഴിക്കോട്ട് 94 ശതമാനവും വയനാട്ടിൽ 93 ശതമാനവും കണ്ണൂരിൽ 87 % വും കാസർകോട്ട് 98 % വും മഴക്കുറവ് രേഖപ്പെടുത്തി. കേരളത്തിലാകെ ഈ കാലയളവിൽ ലഭിക്കേണ്ട മഴയിൽ 97 % ആണ് കുറവുണ്ടായത്.
ചൂടും കൂടി
കാലവർഷം വിട്ടുനിൽക്കുമ്പോൾ സാധാരണ ഓഗസ്റ്റിൽ വെയിലുദിക്കുമ്പോൾ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. കാരണം ആ സമയം ഉത്തരാർധ ഗോളത്തിലെ വേനൽക്കാലമാണ് എന്നതു തന്നെയാണ് കാരണം. നമുക്ക് അപ്പോൾ ചൂട് തോന്നാത്തത്. പന്തൽപോലെയുള്ള കാലവർഷ മേഘങ്ങളുടെ സാന്നിധ്യം മൂലമാണ്. മൺസൂൺ ബ്രേക്ക് വരുമ്പോൾ മേഘസാന്നിധ്യം ഉണ്ടാകില്ല. അങ്ങനെ വെയിലിനു ചൂട് കൂടിയതായി തോന്നും. ഈ മാസം ഇനിയും ഒറ്റപ്പെട്ട മഴയുണ്ടാകും. പക്ഷേ അത് മഴകുറവ് നികത്താൻ പര്യാപ്തമാകില്ല. അതിനാൽ എൽനിനോ വർഷമായ അടുത്ത വേനൽ വരൾച്ചയെ പ്രതീക്ഷിക്കാം. ജലം സംരക്ഷിക്കുന്നവർ കരുതി ഉപയോഗിക്കുക. മഴവെള്ളം പരമാവധി മഴക്കുഴി വഴി സംഭരിക്കുക.