കനത്ത മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി സ്വർണാഭരണങ്ങൾ ഒലിച്ചുപോയി

ബംഗളൂരു നഗരത്തിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി സ്വർണാഭരണങ്ങൾ ഒലിച്ച് പോയി. രണ്ടര കോടിയോളം രൂപയുടെ ആഭരണങ്ങളാണ് മല്ലേശ്വരത്തുള്ള ജ്വല്ലറിയിൽ നിന്നും ഒഴുകി പോയത്. മഴ കനത്തതോടെ ജ്വല്ലറിയിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നുവെന്നും ആഭരണങ്ങൾ സൂക്ഷിച്ച പെട്ടികളടക്കം ഒഴുകി പോയെന്നും ജ്വല്ലറി ഉടമ പറഞ്ഞു.

ശക്തമായ മഴ പെയ്തതോടെ ഞങ്ങളും ഭയന്നു, ജീവൻ രക്ഷിക്കണമായിരുന്നു, സ്വർണം അടങ്ങിയ ആഭരണ പെട്ടികൾ ഒഴുകി പോയതിന്റെ ഞെട്ടലിലാണ് ഞങ്ങൾ. ഏകദേശം 2.5 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൈദ്യുതാഘാതമുണ്ടാവുമോ എന്ന ആശങ്കയിൽ ഞങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല’, ജ്വല്ലറി ഉടമ പറഞ്ഞു.

അതേസമയം തുടർച്ചയായി പെയ്ത മഴയിൽ കനത്ത നാശനഷ്ടമാണ് ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളും വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറിയതോടെ മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായി. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇതോടെ വൈദ്യുതിയും തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കടകളിൽ വെള്ളം കയറി ഫർണിച്ചറും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.

ഞായറാഴ്ച, ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ മാത്രം നഗരത്തിൽ രേഖപ്പെടുത്തിയ ശരാശരി മഴ ഏകദേശം 35 മില്ലിമീറ്ററായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗര പ്രദേശമായ ഗുട്ടഹള്ളിയിൽ 66 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കൊട്ടിഗേപാല്യ (54 മില്ലിമീറ്റർ), നന്ദിനി ലേഔട്ട് (48 മില്ലിമീറ്റർ), കെആർ പുരം (36.5 മില്ലിമീറ്റർ), വിദ്യാരണ്യപുര (32.5 മില്ലിമീറ്റർ) തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴയാണ് പെയ്തത്.

Leave a Comment