യു.എ.ഇയില്‍ കനത്ത മഴ തുടങ്ങി; നാളെ സ്‌കൂളുകള്‍ക്ക് അവധി
കഴിഞ്ഞ വെള്ളിയാഴ്ചത്തെ metbeatnews.com ലെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതുപോലെ യു.എ.ഇയില്‍ ശക്തമായ മഴയും കാറ്റും തുടങ്ങി. ഇന്നും നാളെയും ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്. 70 കി.മി വേഗത്തിലുള്ള കാറ്റ് വീശാം. നാളെ കഴിഞ്ഞ് ശക്തികുറയുമെങ്കിലും ചൊവ്വാഴ്ച വരെ മഴ തുടരും.
ദുബൈയില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്കും യൂനിവേഴ്‌സിറ്റികള്‍ക്കും അവധി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടക്കും. മഴക്കൊപ്പം ചിലയിടങ്ങളില്‍ പൊടിക്കാറ്റും മണല്‍ക്കാറ്റുമുണ്ടാകുമെന്നും യു.എ.ഇ കാലാവസ്ഥാ വകുപ്പ് നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജി അറിയിച്ചു.
أمطار الخير على مناطق متفرقة من الدولة #أمطار_الخير #ناهل #المركز_الوطني_للأرصاد #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/r5EQWcWJb5
— المركز الوطني للأرصاد (@ncmuae) February 11, 2024
മോശംകാലാവസ്ഥയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ദുബൈ പ്രൈവറ്റ് സ്‌കൂള്‍ റെഗുലേറ്റര്‍മാരായ നോളജ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കി. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
ദുബൈയിലെ എല്ലാ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി ബാധകമാണ്. സ്‌കൂള്‍, സര്‍വകലാശാല അധ്യാപകരും ജീവനക്കാരും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ഏര്‍പ്പാട് ചെയ്യണമെന്നും അതോറിറ്റി എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് അത്യാവശ്യമല്ലാത്ത ജോലിക്കാര്‍ വീട്ടില്‍ നിന്ന് ഓണ്‍ലൈനായി നാളെ ജോലി ചെയ്യണമെന്ന് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസിലെത്തണം.
അബൂദബിയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ദാഹിറ മേഖലയിലാണ് കനത്ത മഴയുണ്ടായത്. ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലും മഴ രേഖപ്പെടുത്തി. റോഡില്‍ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മഴയെ തുടര്‍ന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (NCEMA) തുടര്‍ച്ചയായി അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. പര്‍വത മേഖലയിലും താഴ് വാരത്തും അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാനും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
അബൂദബി പൊലിസും സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലെ നിര്‍ദേശത്തിനു അനുസരിച്ച് വേഗപരിധി മാറ്റണമെന്നും പൊലിസ് നിര്‍ദേശിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വേഗത 80 കി.മി ആയി പൊലിസ് നിജപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയും മൂടല്‍മഞ്ഞുമുള്ള മേഖലയില്‍ ആണ് ഈ നിയന്ത്രണം.
video :Rasheed