ബംഗാൾ ഉൾക്കടലിലും അറബി കടലിലും ചക്രവാത ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തിപ്പെടും. ബംഗാൾ ഉൾക്കടലിൽ ഈ മാസം 30 ഓടെ ന്യൂനമർദ്ദത്തിന് (Low Pressure Area ) രൂപപ്പെടാൻ സാധ്യതയുണ്ട്. ഒക്ടോബർ 1 ന് ഈ ന്യൂനമർദ്ദം വീണ്ടും ശക്തിപ്പെടുകയും തുടർന്ന് ഒഡിഷ – ആന്ധ്ര തീരത്തേക്ക് നീങ്ങുകയും ചെയ്യും.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായേക്കും
പസഫിക്ക് സമുദ്രത്തിൽ നിന്ന് തായ്‌ലൻഡ് മേഖലയിലൂടെ മറ്റൊരു ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങൾ എത്തുകയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ വീണ്ടും ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വെതർമാൻ കേരള പറഞ്ഞു. ഇതിനാൽ രൂപപ്പെടാൻ ഇരിക്കുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമോ ചുഴലിക്കാറ്റോ ആയി മാറിയേക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു.
കേരളത്തിൽ അഞ്ചുദിവസം ശക്തമായ മഴ
കേരളത്തിൽ വ്യാഴാഴ്ച മുതൽ 5 ദിവസം ശക്തമായ മഴ തുടരുമെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും പ്രത്യേകിച്ച് മലയോര മേഖലകൾ കേന്ദ്രീകരിച്ച് ഈ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ തന്നെ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങളിലും നീർച്ചാലുകളിലും, മറ്റു ജലാശയങ്ങളിലും പോകുന്നവർ ജാഗ്രത പാലിക്കുക.
നബിദിനാഘോഷം മഴയിൽ
നബിദിനാഘോഷം മിക്ക ജില്ലകളിലും മഴയിലാണ്. സെപ്റ്റംബർ 28ന് നബിദിനാഘോഷത്തിന് കേരളത്തിലെ മിക്ക ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ സെപ്റ്റംബർ 25ന് നൽകിയ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു.
അറബിക്കടലിലും ചക്രവാത ചുഴി
അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് മഹാരാഷ്ട്ര കർണാടക ഗോവ കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകും. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതയോട് ചേർന്നാണ് ഇത് ഉണ്ടാവുന്നത്. അറബിക്കടലിലെ ചക്രവാത ചുഴി കേരളത്തിലെ മഴയെ സ്വാധീനിക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ തന്ന ശക്തമായ മഴ തുടരുകയാണ്.