123 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച കാലാവർഷമായി 2023 ;കാലാവർഷ കലണ്ടർ അവസാനിക്കാൻ 2 ദിവസം

122 ദിവസം നീണ്ടുനിൽക്കുന്ന കാലവർഷ കലണ്ടർ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ 123 വർഷത്തെ റെക്കോർഡിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ കാലവർഷമായി 2023ലെ കാലവർഷം അവസാനിക്കും. സെപ്റ്റംബറിൽ ഇതുവരെ 33 ശതമാനം മഴ കൂടുതൽ ലഭിച്ചു.

എങ്കിലും കേരളത്തിൽ 38 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 1മുതൽ സെപ്റ്റംബർ 27 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ആണ് ഇത്. പൂർണ്ണമായും മഴ കുറവിനെ പരിഹരിക്കാൻ സെപ്റ്റംബറിലെ മഴയ്ക്കും സാധിച്ചില്ല.

ഇത്തവണ ജൂൺ മാസത്തിൽ 60% മഴ കുറവാണ് കേരളത്തിലുണ്ടായിരുന്നത്. 123 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വർഷമായി 2023 ജൂൺ മാറി. ജൂലൈയിൽ സാധാരണ മഴ ലഭിച്ചു. ഒൻപത് ശതമാനം മഴ കുറവാണ് ഉണ്ടായിരുന്നത്. അതേസമയം ജൂണിലെ റെക്കോർഡും തകർത്താണ് ഓഗസ്റ്റ് മാസം കടന്നുപോയത്.

87 ശതമാനം മഴ കുറവാണ് ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ ഉണ്ടായത്. ചരിത്രത്തിലെ തന്നെ ഏറ്റവും മഴകുറഞ്ഞ മാസമായി ഓഗസ്റ്റ് റെക്കോർഡ് ഇട്ടു. മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണ്. 1911ലെ ഓഗസ്റ്റിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 18.2 സെന്റിമീറ്റർ.

123 വർഷത്തിനിടെ  ഏറ്റവും കുറവ് മഴ ലഭിച്ച കാലാവർഷമായി 2023 ;കാലാവർഷ കലണ്ടർ അവസാനിക്കാൻ 2 ദിവസം
123 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച കാലാവർഷമായി 2023 ;കാലാവർഷ കലണ്ടർ അവസാനിക്കാൻ 2 ദിവസം

ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴ കുറയാൻ കാരണം. ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങി തുടങ്ങിയത് ഒരാഴ്ചയിലേറെ വൈകിയാണ്.

സാധാരണ കാലവർഷം വിടവാങ്ങൽ തുടങ്ങേണ്ടത് സെപ്റ്റംബർ 17 നാണ്. ഇത്തവണ സെപ്റ്റംബർ 25നാണ് രാജസ്ഥാനിൽ നിന്നും കാലവർഷം വിടവാങ്ങി തുടങ്ങിയത്. കേരളത്തിൽ നിന്നും കാലവർഷം വിടവാങ്ങുന്നതോടെയാണ് കാലവർഷം പൂർണമായും വിടവാങ്ങുക. ഇതിന് 30 മുതൽ 45 ദിവസം എടുക്കാറുണ്ട്. ഒക്ടോബർ പകുതിയോടെയെ കേരളത്തിൽ നിന്ന് കാലവർഷം വിടവാങ്ങി വടക്കു കിഴക്കൻ മൺസൂൺ എന്ന തുലാവർഷം എത്തുകയുള്ളൂ.

ഇപ്പോഴത്തെ വിന്റ് പാറ്റേൺ മാറിയാലെ തുലാവർഷം എത്തുകയുള്ളൂ. പടിഞ്ഞാറു നിന്നും വടക്കുപടിഞ്ഞാറു നിന്നും വരണ്ട കാറ്റ് വീശുന്നതോടെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം പൂർണമായി വിടവാങ്ങിയതായി മനസിലാക്കാനാകുക. ഇത് കേരളം ഉൾപ്പെടെ വ്യാപിക്കും. പക്ഷേ ഈമാസം 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ ഔദ്യോഗിക കണക്കെടുപ്പിൽ വരിക. പക്ഷേ കാലവർഷ കാറ്റിന്റെ ഭാഗമായ മഴ ഒക്ടോബറിലും കേരളത്തിൽ തുടരും.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment