കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി; ഈ ജില്ലകളില്‍ മഴ സാധ്യത
കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇന്നു മുതല്‍ ഒറ്റപ്പെട്ട വേനല്‍ മഴ സാധ്യത. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും മഴ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പകല്‍ ഭാഗിക മേഘാവൃതവും ചിലയിടങ്ങളില്‍ വൈകിട്ട് ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ലഭിക്കാം. മലയോര മേഖലകളിലാണ് പ്രധാനമായും മഴ സാധ്യത. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്.
വടക്കന്‍ ജില്ലകളിലും മഴ സാധ്യത
വടക്കന്‍ കേരളത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലയിലും മഴ ലഭിച്ചേക്കും. കണ്ണൂര്‍,വയനാട് ജില്ലകളില്‍ ചാറ്റല്‍ മഴ സാധ്യതയും നിലനില്‍ക്കുന്നു. മലപ്പുറം ജില്ലയുടെ ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ സാധ്യതയുണ്ട്.
കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി
കേരളത്തിനു മുകളില്‍ 1.5 കി.മി ഉയരത്തിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അറബിക്കടലില്‍ ആഗോള മഴപാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലിഷേസനും ഇന്നോ നാളെയോ പ്രവേശിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുകയെന്നാണ് നിരീക്ഷണം. തെക്കന്‍ തമിഴ്‌നാട്ടിലും ലോ ലെവല്‍ സര്‍ക്കുലേഷന്റെ ഭാഗമായി മഴ ലഭിക്കും. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലും തെക്കന്‍ കര്‍ണാടകയിലെ ചില പ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്.
അതേസമയം, കേരളത്തില്‍ ചൂട് കൂടുകയാണ്. പാലക്കാട് ജില്ലയില്‍ ഇന്നലെ ചൂട് 40.1 ഡിഗ്രി പിന്നിട്ടു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലാണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയില്‍ 39 ഡിഗ്രിയും പാലക്കാട് 38.4 ഡിഗ്രിയും നെടുമ്പാശ്ശേരി 37.4 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.
ചൂട്: മഞ്ഞ അലര്‍ട്ട്
കടുത്ത ചൂടിനെ തുടര്‍ന്ന് ഈ മാസം 31 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് രേഖപ്പെടുത്തി. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ചൂട് കൂടുമെന്നാണ് പ്രവചനം. ഇത് സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രിവരെ കൂടുതലാണ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 27 മുതല്‍ 31 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
എട്ടു ജില്ലകളില്‍ മഴ സാധ്യത
ഇന്ന് എട്ടു ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിക്കുന്നത്. മറ്റന്നാളും ഇതേ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കാലാവസ്ഥാ വകുപ്പ് നാളെ (വെള്ളി) മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.
വായനക്കാര്‍ക്ക് മെറ്റ്ബീറ്റ് വെതറിന്റെ പെസഹദിനാചരണ ആശംസകള്‍