കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ഇടിമിന്നൽ , ഉരുൾപൊട്ടൽ , മലവെള്ള പാച്ചിൽ ജാഗ്രത വേണ്ടി വരും. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് സുരക്ഷിതം.
കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിലാണ് ചക്രവാത ചുഴിയുള്ളത്. ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു. ആൻഡമാൻ കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് തെക്കൻ ബംഗാൾ ഉൾക്കടലിനു കുറുകെ മിഡ് ട്രോപോസ്ഫിയർ ലെവലിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്തെ ശക്തമായ ചക്രവാത ചുഴി കേരളത്തിലേക്കുള്ള കാലവർഷ കാറ്റിനെ തടയുന്നുണ്ട്. ഇതാണ് ഇടിയോടെ കിഴക്ക് മഴ കൂട്ടാൻ ഇടയാക്കുന്നത്. പകൽ സമയത്ത് ചൂടു കൂടുന്നതും ഈർപ്പത്തിന്റെ തോത് അന്തരീക്ഷത്തിൽ കൂടുതലായതും ഇടിയോടെ മഴയുണ്ടാക്കും. ഓഗസ്റ്റ് 31 ഓടെ കാലവർഷത്തിന്റെ ഭാഗമായ മഴ എല്ലാ ജില്ലകളിലും തിരികെ എത്താനും സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു.