മഹാരാഷ്ട്ര തീരത്ത് രൂപംകൊണ്ട ചക്രവാത ചുഴി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഇതോടെ കേരളത്തിൽ വീണ്ടും മഴ എത്തും. കഴിഞ്ഞ ദിവസം മുംബൈ തീരത്തായിരുന്നു ചക്രവാത ചുഴി. ഇത് കേരളത്തിലേക്കുള്ള മേഘങ്ങളെ വടക്കോട്ട് ആകർഷിച്ചിരുന്നു. ഇതാണ് മഴ കുറയാൻ കാരണം. എന്നാൽ ഇപ്പോൾ ചക്രവാത ചുഴി ഗുജറാത്ത് തീരത്താണ് ഉള്ളത്. ഇതോടെ കേരളത്തിലേക്ക് വീണ്ടും പടിഞ്ഞാറൻ കാറ്റ് എത്താനുള്ള സാഹചര്യം ഒതുങ്ങി . വടക്കൻ കേരളത്തിൽ ഇന്ന് പകലും ശക്തമായതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് കൂടുതൽ മഴ സാധ്യത. തെക്കൻ കേരളത്തിൽ കോട്ടയം, പത്തനംതിട്ട , ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം / ശക്തമായ മഴ ലഭിക്കുന്നത് തുടരും. വൈകിട്ടും രാത്രികാലങ്ങളിലും മഴ തുടരാൻ അനുകൂല സാഹചര്യമാണ് ഇപ്പോൾ കേരളത്തിന്റെ അന്തരീക്ഷത്തിൽ ഉള്ളത്. തമിഴ്നാട്ടിൽ ഇടിയോടുകൂടിയുള്ള മഴ കുറയും.