Cyclone Michaung update 01/12/23 : തീവ്ര ന്യൂനമർദം രൂപപ്പെട്ടു; തമിഴ്നാട്ടിലും കേരളത്തിലും മഴ സാധ്യത
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം (well marked low pressure – WML) ഇന്ന് പുലർച്ചെ വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദമായി (Depression) . ഇത് നാളെയോടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇടയിൽ നാളെ രാത്രി വൈകി മിഗ്ജോം ചുഴലിക്കാറ്റായി രൂപം കൊണ്ടേക്കും.
ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാടൻ തീരം പ്രദേശങ്ങളിൽ ലഭിച്ചത് ഇന്നും ഈ മേഖലകളിൽ മഴ തുടരും . അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആവുകയും തുടർന്ന് തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യും. ചില കാലാവസ്ഥ പ്രവചന മാതൃകകൾ പറയുന്നത് തമിഴ്നാട്ടിൽ ചുഴലിക്കാറ്റ് കരകയറും എന്നാണ്.
എന്നാൽ ഈ സാധ്യത കുറവാണെന്നും തമിഴ്നാട് തീരത്തോട് അടുത്ത ശേഷം ദിശ മാറി ആന്ധ്രപ്രദേശിലേക്കോ ഒഡിഷയിലേക്കോ പോകാനുള്ള സാധ്യതയാണ് കാണുന്നതെന്നും മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു. ഏതായാലും തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴക്ക് വരും ദിവസങ്ങളിലും ഇപ്പോഴത്തെ സിസ്റ്റം കാരണമാകും. തമിഴ്നാടിനൊപ്പം തെക്കൻ കേരളത്തിലും മഴ കനക്കാൻ ആണ് സാധ്യതയെന്നും ഞങ്ങളുടെ വെതർമാൻ പറയുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രഥമിക സൂചന പ്രകാരം ഡിസംബർ 3 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മിഗ്‌ജാമ് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്നാണ് പറയുന്നത്. തുടർന്ന് തിങ്കളാഴ്‌ചയോടെ തമിഴ് നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് രാവിലത്തെ ബുള്ളറ്റിനിൽ പറയുന്നു.
ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുത്തു വരുന്നതോടെ തമിഴ്നാട്ടിൽ ശക്തമായ മഴ ലഭിക്കും. ഇതോടൊപ്പം കേരളത്തിന്റെ തെക്കൻ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. തുടർന്ന് ചുഴലിക്കാറ്റിന്റെ ദിശ മാറി നീങ്ങുന്നതോടെ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.