മന്ദൂസ് ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. മഹാബലിപുരത്തിന് സമീപമാണ് മന്ദൂസ് കരകയറുക. ചുഴലിക്കാറ്റിനെ തുടർന്ന് 13 വിമാന സർവിസുകൾ ചെന്നൈ വിമാനത്താവളത്തിൽ റദ്ദാക്കി. ചുഴലിക്കാറ്റ് കരയറുന്നതിന് രണ്ടു മണിക്കൂർ മുൻപ് മുതൽ തമിഴ്‌നാട് ട്രാൻസ്‌പോർട് ബസുകൾ സർവിസ് നടത്തില്ല. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശത്തെ തുടർന്നാണിതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
പുതുച്ചേരിയിലും ചെന്നൈ ഉൾപ്പെടെ കിഴക്കൻ തീരത്തും ഇന്നലെ രാത്രി മുതൽ കാറ്റും മഴയും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയും കാറ്റും ശക്തമായി. കടൽ കൂടുതൽ പ്രക്ഷുബ്ധമായി.
ഇന്ന് ശക്തികുറഞ്ഞു ചുഴലിക്കാറ്റായി
ഇന്നലെ തീവ്രചുഴലിക്കാറ്റായ മന്ദൂസ് ഇന്ന് ശക്തി കുറഞ്ഞ് വീണ്ടും ചുഴലിക്കാറ്റായി മാറിയിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് മന്ദൂസ് ചെന്നൈക്ക് 130 കി.മി തെക്കുകിഴക്കും ശ്രീലങ്കയിലെ ജാഫ്‌നയിൽ നിന്ന് 280 കി.മി വടക്ക് വടക്കുകിഴക്കുമാണ് സ്ഥിതി ചെയ്യുന്നത്. കാരൈക്കൽ, ചെന്നൈ ഡോപ്ലർ വെതർ റഡാറിന്റെ നിരീക്ഷണ പരിധിയിൽ ചുഴലിക്കാറ്റെത്തിയിട്ടുണ്ട്. ഇതിനാൽ ചുഴലിക്കാറ്റിന്റെ നീക്കം റഡാറിലും ഉപഗ്രഹത്തിലും നിരീക്ഷിക്കാനാകും. മഹാബലി പുരത്ത് അർധരാത്രിയോടെ കരകയറുമ്പോൾ ചുഴലിക്കാറ്റിന് മണിക്കൂറിൽ 65-75 കി.മി വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനത്ത സുരക്ഷ, ശക്തമായ ഒരുക്കം
ചുഴലിക്കാറ്റ് കരകയറുന്ന പശ്ചാത്തലത്തിൽ ചെന്നൈയിൽ പഴുതടച്ച സുരക്ഷാ, ദുരന്ത നിവാരണ സംവിധാനമാണ് ഒരുക്കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് സ്ഥിതിഗതികളും ഒരുക്കങ്ങളും വിലയിരുത്തുന്നുണ്ട്. ചീഫ് സെക്രട്ടറി വി ഇരൈ അൻപുവിന്റെ നേതൃത്വത്തിൽ കലക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു.
16,000 പൊലിസുകാരെയും 1,500 ഹോം ഗാർഡുകളെയും സുരക്ഷക്കായി വിന്യസിച്ചു. തമിഴ്‌നാട് സ്‌റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ 40 അംഗ ടീമും. 12 ജില്ലാ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ടീമും ദുരന്ത നിവാരണ രംഗത്തുണ്ട്. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് ഗ്രേറ്റർ ചെന്നൈ പൊലിസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി. വൈകിട്ട് 6 മണി മുതൽ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സബർബൻ ട്രെയിൻ ഉൾപ്പെടെ സർവിസ് നടത്തിയെങ്കിലും ബസ് ഗതാഗതത്തെ ബാധിച്ചു.
മറീന ബീച്ചിലെ പാലം തകർന്നു
മറീന ബീച്ചിൽ ഈയിടെ പണിത മരം കൊണ്ടുള്ള പാലം കനത്ത തിരമാലയിൽ തകർന്നു. അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും കടൽ കാണാനെത്താനാണ് ഈ പാലം പണിതതത്. 263 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പാലമാണ് തകർന്നത്. ബ്രസീലിയൻ മരം ഉൾപ്പെടെ 1.14 കോടി രൂപ ചെലവഴിച്ചാണ് പാലം പണിതത്.
ആന്ധ്രയിലും ഒരുക്കം പൂർണം
തമിഴ്‌നാടിനു പുറമെ തെക്കേ ആന്ധ്രയിലും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. ആന്ധ്രയിൽ ദേശീയ ദുരന്ത നിവാരണ സേനയും ആന്ധ്ര സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും സംയുക്തമായി രംഗത്തുണ്ട്. ആറു ജില്ലകളിൽ അതിതീവ്ര മഴക്ക് മുന്നറിയിപ്പുള്ളതിനാൽ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ദുരന്ത പ്രതികരണ ടീം പ്രവർത്തിക്കുന്നു.
Updated @9:56 PM
ചെന്നൈ സബർബൻ ട്രെയിൻ സർവിസ് റദ്ദാക്കുകയോ റീ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യുമെന്ന് ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ.
കൊടൈക്കനാൽ, ശിരുമലൈ എന്നിവിടങ്ങളിൽ നാളെ സ്കൂളിനും കോളജിനും ദിണ്ഡുക്കൽ കലക്ടർ അവധി പ്രഖ്യാപിച്ചു.
മന്ദുസ് മാമല്ലാപുരത്തിന് 90 കി.മി. അടുത്തെത്തി.
Updating…..