റെക്കോർഡ് സൃഷ്ടിച്ച ഫ്രെഡി ചുഴലിക്കാറ്റ് മൊസാംബിക്കിൽ കരകയറി

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോർഡ് നേടിയ ഫ്രഡ്ഡി ചുഴലിക്കാറ്റ് തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിലേക്ക് കരകയറി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഫ്രെഡ്ഡി ചുഴലിക്കാറ്റ് കരയറുന്നത്. കഴിഞ്ഞ നാലാഴ്ച കൊണ്ട് മൊസാംബിക്കിൽ ഒരു വർഷം ലഭിക്കേണ്ട മഴ ലഭിച്ചു കഴിഞ്ഞു. 34 ദിവസം മുൻപ് ആസ്‌ത്രേലിയക്ക് വടക്കു പടിഞ്ഞാറായി ഇന്തോനേഷ്യയ്ക്ക് സമീപം രൂപം കൊണ്ട ഫ്രഡ്ഡി ചുഴലിക്കാറ്റ് ഇത്രയും നാൾ കടലിലൂടെ ശക്തി കുറയാതെ നീങ്ങുകയായിരുന്നു. ഏറ്റവും കൂടുതൽ സമയം നീണ്ടു നിന്ന ചുഴലിക്കാറ്റെന്ന റെക്കോർഡ് ഫ്രഡ്ഡിക്കാണെന്ന് കഴിഞ്ഞ ദിവസം ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കിയിരുന്നു. 8000 ത്തിലേറെ കി.മി ദൂരമാണ് ഫ്രഡ്ഡി സഞ്ചരിച്ചത്.

മൊസാംബിക്കിൽ ഒരാൾ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്. ഇതുവരെ കരകയറിയ പ്രദേശങ്ങളിൽ 28 മരണം റിപ്പോർട്ട് ചെയ്തു. നേരത്തെ മഡഗാസ്‌കറിലും ഫ്രഡ്ഡി കരകയറി ഇറങ്ങിയിരുന്നു. സീ പോർട്ടായ ക്വാലിമെയ്‌നിലാണ് ശനിയാഴ്ച പ്രാദേശിക സമയം രാത്രി 11 ഓടെ കരകയറിയത്. ചുഴലിക്കാറ്റിനെ തുടർന്ന് ജനങ്ങൾ ചർച്ചുകളിലും സ്‌കൂളുകളിലും താൽക്കാലിക ക്യാംപുകളിലും കഴിയുകയാണ്.


കനത്ത കാറ്റും മഴയുമാണ് ഫ്രഡ്ഡി കരകയറിയപ്പോഴുണ്ടായത്. ഒരാൾ മരിച്ചത് വീടിന്റെ ചുമരിടിഞ്ഞു വീണാണെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് ഫ്രഡ്ഡി 32 ദിവസം കടലിൽ തുടർച്ചയായി യാത്ര ചെയ്തത്.

Leave a Comment