ഡോക്‌സുരി ചുഴലിക്കാറ്റ്; വടക്കൻ ചൈനയിൽ ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെ വടക്കൻ ചൈനയിൽ ജാഗ്രതാ നിർദേശം. വെള്ളിയാഴ്ച രാവിലെ ഫുജിയാൻ പ്രവിശ്യയിൽ മണിക്കൂറിൽ 175 കിലോമീറ്റർ (മണിക്കൂറിൽ 110 മൈൽ) വേഗതയിൽ ആഞ്ഞടിച്ച ഡോക്‌സുരി, ഇതിനകം തന്നെ വടക്കൻ മേഖലയിലേക്ക് പ്രവേശിക്കുമെന്ന് ചൈനയുടെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ബീജിംഗിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.നഗരത്തിലെ നിരവധി പാർക്കുകൾ, തടാകങ്ങൾ, നദീതീര റോഡുകൾ എന്നിവ മുൻകരുതലിന്റെ ഭാഗമായി അടച്ചതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു.

2012 ലെ വെള്ളപ്പൊക്കത്തിനേക്കാൾ ശക്തമായ മഴ ഇത്തവണ പ്രതീക്ഷിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. 2012ലെ വെള്ളപ്പൊക്കത്തിൽ 79 പേർ മരിക്കുകയും, പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്ത് കനത്ത മഴ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്ന അയൽപ്രദേശമായ ഹെബെയ് പ്രവിശ്യയിൽ ചില പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവിടെ മഴ 60 സെന്റീമീറ്റർ (24 ഇഞ്ച്) കവിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഫുജിയാന്റെ തലസ്ഥാനമായ ഫുഷൗവിൽ അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു . തീരദേശ പ്രവിശ്യയായ ഷാൻഡോംഗ്, മെഗാസിറ്റി ടിയാൻജിൻ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെട്ടു.
ഈ ആഴ്‌ച ആദ്യം പസഫിക് സമുദ്രത്തിനു കുറുകെ വീശിയടിച്ച ഡോക്‌സുരി ഒരു സൂപ്പർ ടൈഫൂൺ ആയിരുന്നു. എന്നാൽ ഫിലിപ്പീൻസിനോട് അടുത്തപ്പോൾ അതിന്റെ തീവ്രത കുറഞ്ഞു.

ചുഴലിക്കാറ്റിൽ ഫിലിപ്പീൻസിൽ 13 പേരെങ്കിലും കൊല്ലപ്പെട്ടു.ചുഴലി കാറ്റിനെ തുടർന്ന് കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. വടക്കുപടിഞ്ഞാറൻ ചൈനയിലേക്ക് ട്രാക്കുചെയ്ത ചുഴലിക്കാറ്റ് ക്രമേണ ദുർബലമാകും. ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് കടൽക്ഷോഭം രൂക്ഷമായിരുന്നു.

അതേസമയം കാലാവസ്ഥാ വ്യതിയാനം കൂടുതൽ വഷളാക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ഈ വേനൽക്കാലത്ത് ചൈനയിൽ അതിരൂക്ഷമായ കാലാവസ്ഥ ആയിരുന്നു. റെക്കോർഡ് താപനിലയും രേഖപ്പെടുത്തി.

ജൂലൈ തുടക്കത്തിൽ, ബെയ്ജിംഗും ചുറ്റുമുള്ള പ്രദേശവും താപനില റെക്കോർഡുകൾ തകർത്തു. പ്രാദേശിക താപനില 40 ഡിഗ്രി സെൽഷ്യസിൽ (104 ഫാരൻഹീറ്റ്) കൂടുതലായിരുന്നു.

Leave a Comment