കാലാവസ്ഥ വ്യതിയാനം : അരിക്ഷാമത്തിൽ ബ്രിട്ടനിലെ മലയാളികൾ ഭയപ്പെടേണ്ട; ആവശ്യത്തിന് സ്റ്റോക്കെന്ന് വ്യാപാരികൾ

ലോകമെങ്ങും ഇന്ത്യൻ വംശജർക്കിടയിൽ പരിഭ്രമം സൃഷ്ടിച്ച ഒന്നായിരുന്നു അരി കയറ്റുമതി നിരോധിക്കണമെന്ന വാർത്ത. ഇതേ തുടർന്ന് അമേരിക്കയിലും ഓസ്ട്രേലിയയിലും കാനഡയിലും ന്യുസിലാന്റിലും എല്ലാം ജനങ്ങൾ അരി വാങ്ങാൻ കടകളിലേക്ക് ഇരച്ചു കയറുകയായിരുന്നു.യുകെയില്‍ ഈ അരി ഭ്രമം അത്ര തീവ്രമായിട്ടില്ലെങ്കിലും ലണ്ടന്‍ നഗര പ്രദേശത്തു അരി തേടി ആളുകള്‍ കടകളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യാക്കാരെ പേടിപ്പിച്ച അരി നിരോധന വാര്‍ത്ത തത്കാലം മലയാളികളെ ബാധിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കാരണം പാര്‍ ബോയ്ല്‍ഡ് റൈസ് എന്നറിയപ്പെടുന്ന ഇനം മട്ട ഉള്‍പ്പെടെയുള്ള അരികള്‍ക്ക് നിരോധനം ബാധകമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. മലയാളികളില്‍ കൂടുതലും ഉപയോഗിക്കുന്നത് ഇത്തരം അരി ആയതിനാല്‍ നിരോധനവും കയറ്റുമതിയും സംബന്ധിച്ച ആശങ്കകളും തര്‍ക്കങ്ങളും മാറുമ്പോള്‍ വീണ്ടും കേരളത്തില്‍ നിന്നുള്ള അരി ലോകമെങ്ങും എത്തുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിളവെടുപ്പ് മോശമാകുന്ന ഓരോ സമയത്തും ഇത്തരം മുന്‍കരുതല്‍ എല്ലായ്പോഴും ഇന്ത്യ സ്വീകരിക്കാറുണ്ട്. ഓണം പ്രമാണിച്ചു യുകെയിലെ കച്ചവടക്കാര്‍ക്ക് എല്ലാം ഉള്ള അരി ഇതിനകം തന്നെ എത്തിക്കഴിഞ്ഞതിനാല്‍ നിരോധനം നടപ്പിലായാലും ആവശ്യത്തിനു വില്‍ക്കാനുള്ള അരി നിലവില്‍ ലഭ്യമാണ്. നിലവിൽ സ്റ്റോക്കുള്ള അരിക്ക് യാതൊരു വില വർധനവും ഉണ്ടാകില്ലെന്നും വ്യാപാരികൾ.

അതേസമയം യുഎഇയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനർ കയറ്റുമതി 4 മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനാണ് ഈ നടപടി. ഈ മാസം 20നു ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനർ കയറ്റുമതിയാണ് നിരോധിച്ചത്. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തിൽ ഉൾപ്പെടും. ഇന്ത്യയിൽ നിന്ന് അരി എത്തിച്ച് പായ്ക്ക് ചെയ്തു വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവരും യുഎഇ
തുറമുഖങ്ങളിൽ അരി എത്തിച്ച് ഇറക്കാതെ, പുനർ കയറ്റുമതി ചെയ്യുന്ന കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ദുബായ് പോർട്ടിൽ നിന്നു വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ സൗകര്യം പരിഗണിച്ചാണ് ഇവിടെ എത്തിച്ച ശേഷം പുനർ കയറ്റുമതി ചെയ്യുന്നത്. ഇങ്ങനെ അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ ഇനി വാണിജ്യ മന്ത്രാലയത്തിൽ നിന്നു പ്രത്യേക അനുമതി വാങ്ങണം. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാത്ത അരിയാണ് കയറ്റുമതി ചെയ്യുന്നതെന്നു സാക്ഷ്യപ്പെടുത്തി പ്രത്യേക
പെർമിറ്റ് വാങ്ങണമെന്ന് കമ്പനികളോടു നിർദേശിച്ചു. മന്ത്രാലയത്തിന്റെ പെർമിറ്റിനു 30 ദിവസത്തെ കാലാവധിയുണ്ടാകും.അരി കയറ്റുമതി ചെയ്യുമ്പോൾ ഈ പെർമിറ്റ് കസ്റ്റംസിന് നൽകണം.

ക്ഷാമം രൂക്ഷമാകില്ല

പ്രവാസികളെ സംബന്ധിച്ച് ഇന്ത്യൻ അരി ലഭിക്കാത്തത് ബുദ്ധിമുട്ടാകും. മോശം കാലാവസ്ഥയും, യൂറോപ്പിലെ ചൂട്, റഷ്യ ഉക്രൈൻ യുദ്ധം, ചൈനയിലെ പ്രളയം, വരൾച്ച തുടങ്ങിയ കാരണങ്ങളാൽ രാജ്യാന്തരതലത്തിൽ അരി ലഭ്യതയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യയിൽ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നത്. ലോകത്ത് കയറ്റുമതി ചെയ്യുന്ന അരിയിൽ 40% ഇന്ത്യയിൽ നിന്നാണ്. കയറ്റുമതി നിയന്ത്രണം വന്നതോടെ പ്രവാസികൾ കൂടുതൽ അരി സ്റ്റോക്ക് ചെയ്യാൻ തുടങ്ങി. ഈ സാഹചര്യം തുടർന്നാൽ ഇന്ത്യൻ അരിക്ക് ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. എങ്കിലും തായ്‌ലാൻഡ് വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് അരി ഇറക്കുമതി ഉള്ളതിനാൽ ക്ഷാമം രൂക്ഷമാകില്ലെന്നാണ് സൂചന.

ക്ഷാമം; വിലകയറ്റാനുള്ള തന്ത്രം

എന്നാല്‍ സ്റ്റോക് പിടിച്ചു വച്ചാല്‍ അടുത്ത ഏതാനും മാസം വിലകൂട്ടി വിൽക്കാം എന്ന പ്രതീക്ഷയില്‍ പല കടക്കാരും ഒരു ഉപയോക്താവിന് ഒരു ചാക്ക് അരി എന്ന നിലയില്‍ റേഷനിങ് തുടങ്ങിയിട്ടുണ്ട്.എന്നാല്‍ മൊത്ത വിതരണം ചെയ്യുന്ന വലിയ കടകളില്‍ നിലവില്‍ ഇത്തരം നിയന്ത്രണമില്ല. യുകെയില്‍ ആവശ്യത്തിന് അരി എത്തിക്കുന്ന വലിയ കടകളില്‍ ഒന്നായ വൂസ്റ്ററിലെ ഫ്രണ്ട്‌സ് റീറ്റെയ്ല്‍ ഉടമയായ ഡെന്നിസ് തങ്ങളുടെ പക്കല്‍ ആവശ്യത്തിന് സ്റ്റോക് ഉണ്ടെന്നും നിലവിലെ അരിയില്‍ ചെറിയ തോതില്‍ പോലും വില കൂട്ടി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കി. എന്നാല്‍ അരി വിലക്കുറവില്‍ വിറ്റ് വാര്‍ത്ത സൃഷ്ടിച്ച ലെസ്റ്ററിലെ ക്യാരി ബാഗ് എന്ന അരിവിതരണകാരുടെ കയ്യില്‍ ഇപ്പോള്‍ അരി സ്റ്റോക്കില്ല എന്നാണ് പറയുന്നത് വിലക്കുറവില്‍ അരി വില്‍ക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ യുകെയുടെ പല ഭാഗത്തും നിന്നും അരിക്കുണ്ടായ അപ്രതീക്ഷിത ആവശ്യമാണ് ക്യാരി ബാഗിന്റെ അരി വേഗത്തില്‍ വിറ്റു തീരാന്‍ കാരണമായത്. കൂടുതല്‍ പേര്‍ അരി അന്വേഷിച്ചു എത്തുകയും റീറ്റെയ്ല്‍ കച്ചവടക്കാര്‍ കുത്തനെ വിലകയറ്റി കൊള്ളവില്പനയ്ക്ക് ശ്രമിക്കുകയുമാണ്.

കിട്ടിയ അവസരം എന്ന മട്ടില്‍ പത്തു കിലോ ബാഗിന് 20 പൗണ്ട് വരെ വില ഉയര്‍ത്തിയ കച്ചവടക്കാരുമുണ്ട്. അമേരിക്കയില്‍ ലഭ്യമാകുന്ന 9 കിലോ ബാഗിന് കഴിഞ്ഞ ദിവസങ്ങളില്‍ 27 ഡോളറിനു ആണ് കച്ചവടം നടന്നത്. ഇതു ഏകദേശം 21 പൗണ്ടിന് തുല്യവുമാണ്.ഇന്ത്യയില്‍ മണ്‍സൂണ്‍ കാലാവസ്ഥ ചതിച്ചതോടെ അരി ലഭ്യത കുറയുകയും വിലയില്‍ മൂന്നു ശതമാനം വര്‍ധന ഉണ്ടായതുമാണ് കടുത്ത നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

അതേസമയം ഇന്ത്യൻ അരിക്ക് ആവശ്യക്കാർ കൂടുതലുള്ളതിനാൽ കടകളിൽ അരി ലഭ്യത ഉറപ്പുവരുത്താൻ ഉള്ള നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് കടുത്ത നടപടിയിലേക്ക് രാജ്യം കടന്നത്. നേരത്തെ ഗോതമ്പ് കയറ്റുമതി നിരോധന സമയത്ത് യുഎഇയ്ക്ക് ഇന്ത്യ ഇളവ് നൽകിയിരുന്നു.സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ ഭാഗമായി അരി കയറ്റുമതിയിൽ യുഎഇക്ക് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് അത്തരം പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment