കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം മുപ്പതോളം രാജ്യങ്ങളിൽ കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളത്തിലോ ഭക്ഷണത്തിലോ വിബ്രിയോ കോളറെ എന്ന ബാക്ടീരിയ കലരുന്നത് വഴി പകരുന്ന അണുബാധയാണ് കോളറ. ബാക്ടീരിയ ഉള്ളിൽ ചെന്ന് 12 മണിക്കൂർ മുതൽ അഞ്ച് നാളുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷമാകും. അതിസാരം ഉൾപ്പെടെ നിരവധി ലക്ഷണങ്ങൾ കോളറ മൂലം ഉണ്ടാകുന്നു.
കഴിഞ്ഞ വർഷം ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ മാത്രം രണ്ട് മഹാപ്രളയങ്ങൾ ഉണ്ടായി. പാക്കിസ്ഥാനിൽ ഉണ്ടായ പ്രളയവും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടമായ ഫലമാണ്. പ്രളയത്തിനു ശേഷം കോളറ പോലുള്ള ജലജന്യ രോഗങ്ങൾ ഇവിടെ പരക്കെ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ലക്ഷത്തോളം കോളറ കേസുകൾ പാക്കിസ്ഥാനിൽ പ്രളയത്തെ തുടർന്നുണ്ടായി. പ്രളയ സമയത്ത് വൻതോതിൽ ജലം മലിനമാക്കപ്പെടുന്നതാണ് കോളറ പോലുള്ള പകർച്ച വ്യാധികളിലേക്ക് നയിക്കുന്നത്. സുനാമി, പെരുമഴ, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രതിഭാസങ്ങളും കോളറ വ്യാപനത്തിന് കാരണമാകാം.
2023 ലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ലോകത്തെ വേട്ടയാടുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ചുഴലിക്കാറ്റ്, പ്രളയം, വരൾച്ച എന്നിവയ്ക്കെല്ലാം കാരണമാകാവുന്ന ലാ നിന പ്രഭാവം ഈ വർഷവും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ രംഗം. ഇത് മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള ഏജന്‍സികൾ നിർദേശിക്കുന്നു.