Menu

ads climate change

കാലാവസ്ഥ വ്യതിയാനം: കോളറ പടരുമെന്ന് WHO

കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം മുപ്പതോളം രാജ്യങ്ങളിൽ കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളത്തിലോ ഭക്ഷണത്തിലോ വിബ്രിയോ കോളറെ എന്ന ബാക്ടീരിയ കലരുന്നത് വഴി പകരുന്ന അണുബാധയാണ് കോളറ. ബാക്ടീരിയ ഉള്ളിൽ ചെന്ന് 12 മണിക്കൂർ മുതൽ അഞ്ച് നാളുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷമാകും. അതിസാരം ഉൾപ്പെടെ നിരവധി ലക്ഷണങ്ങൾ കോളറ മൂലം ഉണ്ടാകുന്നു.

കഴിഞ്ഞ വർഷം ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ മാത്രം രണ്ട് മഹാപ്രളയങ്ങൾ ഉണ്ടായി. പാക്കിസ്ഥാനിൽ ഉണ്ടായ പ്രളയവും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടമായ ഫലമാണ്. പ്രളയത്തിനു ശേഷം കോളറ പോലുള്ള ജലജന്യ രോഗങ്ങൾ ഇവിടെ പരക്കെ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ലക്ഷത്തോളം കോളറ കേസുകൾ പാക്കിസ്ഥാനിൽ പ്രളയത്തെ തുടർന്നുണ്ടായി. പ്രളയ സമയത്ത് വൻതോതിൽ ജലം മലിനമാക്കപ്പെടുന്നതാണ് കോളറ പോലുള്ള പകർച്ച വ്യാധികളിലേക്ക് നയിക്കുന്നത്. സുനാമി, പെരുമഴ, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രതിഭാസങ്ങളും കോളറ വ്യാപനത്തിന് കാരണമാകാം.

2023 ലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ലോകത്തെ വേട്ടയാടുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ചുഴലിക്കാറ്റ്, പ്രളയം, വരൾച്ച എന്നിവയ്ക്കെല്ലാം കാരണമാകാവുന്ന ലാ നിന പ്രഭാവം ഈ വർഷവും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ രംഗം. ഇത് മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള ഏജന്‍സികൾ നിർദേശിക്കുന്നു.

കാലാവസ്ഥ വ്യതിയാനം: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകില്ലെന്ന് ട്വിറ്റർ

കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകൾക്കെതിരേയുള്ള പരസ്യങ്ങൾ നിരോധിച്ച് ട്വിറ്റർ. നേരത്തെ ഗൂഗിളും ഇത്തരം പരസ്യങ്ങൾ അനുവദിക്കില്ലെന്ന് നയം മാറ്റിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകൾക്ക് എതിരായതോ, തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോ ആയ പരസ്യങ്ങൾ നൽകില്ലെന്നാണ് ട്വിറ്റർ പറയുന്നത്. കമ്പനിയുടെ പുതിയ നയം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾക്കെതിരേ ഫേസ്ബുക്കും നടപടിയെടുത്തിരുന്നു.

IPCC ഇടപെടൽ

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് തെറ്റിദ്ധാരണകൾ പ്രചരിക്കുന്നത് സമൂഹത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് നേരത്തെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) നിർദേശിച്ചിരുന്നു. 2030 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് അപകടകരമായ തോതിൽ കൂടുമെന്നുള്ള പഠനത്തിനു പിന്നാലെയാണിത്. ക്ലൈമറ്റ് ആക്ഷൻ എന്ന നടപടിയുടെ ഭാഗമാണ് ഇതിനെതിരേയുള്ള പ്രചാരണം തടയുക എന്നത്. ശാസ്ത്രീയ അവബോധങ്ങൾ സമൂഹത്തിൽ വളർത്തുകയാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴി. മെറ്റ്ബീറ്റ് വെതർ ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകൾ കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

ശ്രദ്ധിക്കുക: ഫേസ്ബുക്ക് ആപ്പ് വഴിയാണ് നിങ്ങൾ ഈ പോസ്റ്റ് കാണുന്നതെങ്കിൽ വാർത്തയ്ക്ക് ശേഷം കാണുന്ന ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്നുള്ള അപ്‌ഡേഷനും മുടങ്ങാതെ ലഭിക്കാൻ വേണ്ടിയാണ്.