ജോഷിമഠ്: വിദഗ്ധർ മിണ്ടരുതെന്ന് ; ISRO റിപ്പോർട്ട് പിൻവലിച്ചു

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന സംഭവത്തിലെ ഉപഗ്രഹമുപയോഗിച്ചുള്ള ശാസ്ത്രീയ പഠനം പിൻവലിച്ച് ഐ.എസ്.ആർ.ഒ. ജോഷിമഠിൽ കൂടുതൽ പ്രദേശം ഇടിഞ്ഞുതാഴുമെന്ന് കഴിഞ്ഞ ദിവസം റിമോട്ട് സെൻസിങ് പഠനത്തിൽ കണ്ടെത്തിയ കാര്യം ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.ഡി.എം.എ) ജോഷിമഠിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും പഠനങ്ങളും പുറത്തുവിടരുതെന്ന് വിവിധ ഏജൻസികളോട് നിർദേശിച്ചു. ഇതിനു പിന്നാലെയാണ് ഐ.എസ്.ആർ.ഒ വെബ്‌സൈറ്റിൽ നിന്ന് പഠനം നീക്കിയത്. 12 ദിവസത്തിനിടെ 5.4 സെ.മി ഭൂമി ജോഷി മഠിൽ ഇടിഞ്ഞുതാഴ്ന്നു എന്നാണ് ഐ.എസ്.ആർ.ഒയുടെ കാർടോസാറ്റ് 2 എസ് ഉപഗ്രഹം ഉപയോഗിച്ചുള്ള പഠനത്തിൽ കണ്ടെത്തിയത്. റിമോട്ട് സെൻസിങ് പഠനത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് ഐ.എസ്.ആർ.ഒ പിൻവലിച്ചത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വിദഗ്ധ സമിതിയുടെ അവസാന റിപ്പോർട്ടും വരുന്നതുവരെ വിദഗ്ധർ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് നിർദേശം.

സർക്കാർ ഏജൻസികൾ ദുരിതാശ്വാസ പ്രവർത്തനത്തിലും പഠനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് എൻ.ഡി.എം.എ നൽകിയ നിർദേശം. വിദഗ്ധ സമിതിയെ പഠനത്തിന് നിയോഗിച്ചിട്ടുണ്ട്. എൻ.ഡി.എം.എ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഐ.ഐ.ടി റൂർക്കി, വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, സെൻട്രൽ ബിൽഡിങ് റിസർച്ച് എന്നിവരുൾപ്പെട്ട സമിതിയെയാണ് പ്രശ്‌നത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ചത്.

Leave a Comment