പാകിസ്താനിൽ 1061 പേരുടെ മരണത്തിനിടയാക്കിയ ഇപ്പോഴത്തെ പ്രളയം കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ പ്രളയമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2010 ലെ പ്രളയത്തിൽ 1,700 പേർ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമായ തീവ്രമഴക്ക് കാരണമായതെന്ന് പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറിൻ റഹ്മാനും ശാസ്ത്രജ്ഞരും പറയുന്നു. സാധാരണ മൺസൂൺ മഴയിൽ ഇത്രയും ശക്തിയുണ്ടാകാറില്ലെന്നും പ്രളയം പതിവല്ലെന്നും കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു.
ഈ വർഷം തന്നെ പാകിസ്താനിൽ വരൾച്ചയും കാട്ടുതീയും ഉണ്ടായാരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് വരൾച്ചയും പ്രളയവും. 10 ലക്ഷം വീടുകളാണ് പ്രളയത്തിൽ നശിച്ചതെന്നാണ് ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ കണക്ക്. തെക്കൻ പാകിസ്താനിലാണ് കനത്തമഴയുണ്ടായത്. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലും സിന്ധ് പ്രവിശ്യയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മൂന്നര കോടി ജനങ്ങളെ പ്രളയം ബാധിച്ചു. ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കാതെ ജനങ്ങൾ വലയുന്നതായും അന്താരാഷ്ട്ര സഹായം ലഭിച്ചു തുടങ്ങിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കി, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് കാർഗോ വിമാനങ്ങളെത്തി. ടെന്റുകൾ, ഭക്ഷണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവയാണ് എത്തിച്ചത്. ചർസാദയിൽ നിന്ന് 1.8 ലക്ഷം പേരെയും ഖൈബർ പക്തുൻഖ്വയിൽ നിന്ന് 1.5 ലക്ഷം പേരെയും ഒഴിപ്പിച്ചു. പലരും റോഡരികിലെ ടെന്റുകളിലാണ് കഴിയുന്നത്. പ്രളയ ബാധിത ബലൂചിസ്ഥാൻ പ്രവിശ്യക്ക് 4.5 കോടി ഡോളറിന്റെ സഹായം പാക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് ഞായറാഴ്ച പ്രഖ്യാപിച്ചു.
കാലവർഷത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയ്ക്കും തെക്കൻ പാകിസ്താൻ മേഖലയിലും തുടർന്ന ചക്രവാതച്ചുഴിയും ന്യൂനമർദവുമാണ് പാകിസ്താനിൽ പ്രളയത്തിന് കാരണമായത്. മണ്ണുകൊണ്ട് നിർമിച്ച വീടുകളാണ് പ്രളയത്തിൽ ഒലിച്ചുപോയത്. 10 ലക്ഷം പേർ ഭവനരഹിതരായി. 2010 ലെ പ്രളയത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും പ്രളയമെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായാണ് ഇത് രേഖപ്പെടുത്തുന്നത്.