കാലാവസ്ഥാ മാറ്റവും ഏലം ഉൽപാദന കുറവും

കാലാവസ്ഥാ മാറ്റവും ഏലം ഉൽപാദന കുറവും

ഡോ. ഗോപകുമാർ ചോലയിൽ

(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം- 9 )

“സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞി” എന്നാണ ഏലം അറിയപ്പെടുന്നത്. പശ്ചിമഘട്ട പർവത നിരകളിലെ നിത്യഹരിതവണങ്ങളിലാണ് ഏലം പ്രകൃത്യാ കണ്ടുവരുന്നത് . ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് മദ്ധ്യ-പൗരസ്ത്യദേശങ്ങളിൽ എത്തിച്ചേർന്ന സുഗന്ധ ദ്രവ്യങ്ങൾ ഏറ്റവും ഏലവും കുരുമുളകും ആയിരുന്നു. കുരുമുളക് കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഏലം. അന്താരാഷ്ട്രവിപണിയിൽ ഇന്ത്യൻ ഏലത്തിന് പ്രമുഖ സ്ഥാനമുണ്ട്.

ഏറ്റവും കൂടുതൽ ഏലക്കൃഷിയുള്ള രാജ്യങ്ങളിൽ ഇന്ത്യയും

ലോകത്തിൽ ഏറ്റവുമധികം ഏലം കൃഷിയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഏലത്തിന്റെ തറവാടായി അറിയപ്പെടുന്നത് പശ്ചിമഘട്ടത്തിലെ നിത്യഹരിതവനകളാണ്. ഇടതൂർന്നു വളരുന്ന നിത്യഹരിത വനങ്ങളിൽ 16-32°C വരെ താപനിലയിൽ 90-95 ശതമാനം ആർദ്രതയിൽ ഏലം നന്നായി വളരുന്നു. എന്നാൽ, അത്യധികം ഉയർന്ന താപനിലയിൽ ഏലച്ചെടികൾക്ക് ഉണക്ക ബാധിക്കുന്നു. കഴിഞ്ഞ രണ്ട ദശാബ്ദത്തിലേറെയായി തുടരുന്ന വനനശീകരണം വഴി പ്രകടമായ വ്യതിയാനം രാത്രിതാപനിലയിൽ വന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നല്ല തണൽ എക്കാലവും ഏലത്തിന് ഉണ്ടായിരിക്കണം. മൺസൂൺ മഴയെ അതിരറ്റ് ആശ്രയിക്കുന്നതും വനനശീകരണവും തുടർച്ചയായ വരൾച്ചാ വേളകളും ആയിരിക്കാം കേരളത്തിൽ കുറഞ്ഞ ഏലം ഉല്പാദനത്തിന് കാരണങ്ങളെന്ന് കരുതപ്പെടുന്നു. കേരളത്തിൽ ഇടുക്കി ജില്ലയിൽ ആൺ ഏറ്റവും കൂടുതൽ ഏലാം ഉല്പാദിപ്പിക്കപ്പെടുന്നത്. പശ്ചിമഘട്ട പർവ്വത നിരകളിലെ ആർദ്രോഷ്ണ മേഖലകളിൽ കാണപ്പെടുന്ന ശീതളമായ കാലാവസ്ഥയാണ് മേളത്തിന് യോജിച്ചത്. പശ്ചിമഘട്ടത്തിലെ വന്യപ്രകൃതി ഏലംകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.

കാലാവസ്ഥ മാറ്റവും ഏലം കൃഷിയും

വനമേഖലയുടെ ദ്രുതഗതിയിലുള്ള ശോഷണം അനുബന്ധ കാലാവസ്ഥാ -പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഏലം കൃഷിയെ നാശോന്മുഖമാക്കികൊണ്ടിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങളോട് വളരെയേറെ സംവേദനം പുലർത്തുന്ന വിളയാണ് ഏലം. പരിസ്ഥിതിയിൽ, പ്രത്യേകിച്ച് കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു ഇടപെടലും ഏലത്തിന്റെ വളർച്ചയെയും ഉല്പാദനത്തെയും ദോഷകരമായി ബാധിക്കുന്നു. ഇന്ത്യയിലെ 75 ശതമാനത്തിലേറെ ഏലത്തോട്ടങ്ങളും മഴയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ഏലം മേഖലയിൽ ലഭിക്കുന്ന മഴയുടെ 80-90 ശതമാനവും മെയ് മുതൽ നവംബര് വരെയുള്ള കാലയളവിൽ പെയ്യുന്നു. ലഭിക്കുന്ന മഴയുടെ അളവുമാത്രമല്ല, അതിന്റെ വിതരണവും നല്ല ഏലം വിളവിന് അത്യാവശ്യമാണ്.
വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഏലത്തോട്ടങ്ങൾ വരൾച്ചയെ അഭിമുഖീകരിക്കാറുണ്ട്; പ്രത്യേകിച്ച് ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ. പൂവിടുന്ന ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന മഴയുടെ വിതരണം ഏലത്തിന്റെ ഉത്പാദനത്തെ നിർണ്ണയിക്കുന്നു. ഒരു വർഷം മൊത്തം ലഭിക്കുന്ന മഴയെക്കാൾ വരൾച്ചയുടെ ചില പ്രത്യേക ഘട്ടങ്ങളിൽ പ്രതിമാസം ലഭിക്കുന്ന മഴയുടെ അളവും വിന്യാസവുമാണ് ഏലച്ചെടിയെ സംബന്ധിച്ച് നിർണ്ണായക ഘടകം. ശരംപൊട്ടൽ തുടങ്ങുന്ന സമയത്തും പൂവിടുന്ന സമയത്തും സാധാരണ ഗതിയിൽ 6 -7 മാസം ലഭിക്കുന്ന മഴയും, ശേഷം ലഭിക്കുന്ന തുലാമഴയും വേനൽ മഴയും ഏലച്ചെടിക്ക് അത്യന്താപേക്ഷിതമാണ്. ശൈത്യമാസങ്ങളിലെ സുദീഘമായ വരണ്ട കാലാവസ്ഥയും തീരെ വേനൽ മഴ ലഭിക്കാത്ത അവസ്ഥയും ഏലച്ചെടിക്ക് ദോഷകരമാണ്.

വർഷത്തിൽ രണ്ട് പ്രാവശ്യം മഴക്കാലമുള്ള പ്രദേശങ്ങളിലാണ് ഏലം നന്നായി വളരുന്നത്. അതിനാലാണ് കേരളത്തിന്റെ ദക്ഷിണ ജില്ലകളിൽ ഏലം സമൃദ്ധമായി വിളയുന്നത്.
താപനിലയിലെ ഏറ്റക്കുറച്ചിലുകളോട് വളരെ പെട്ടെന്ന് പ്രതികരിക്കുന്ന വിളയാണ് ഏലം. 26°C ആണ് ഏറ്റവും അഭികാമ്യമായ വാർഷിക താപനില. എന്നാൽ അത്യധികം ഉയർന്ന താപനിലയിൽ ഏലച്ചെടികൾക്ക് ഉണക്ക് ബാധിക്കുന്നു. കഴിഞ്ഞ കുറച്ച് ദശാബ്ദത്തിലേറെയായി തുടരുന്ന വനനശീകരണം വഴി പ്രകടമായ വ്യതിയാനം രാത്രികാല താപനിലയിൽ വന്നതായി നിരീക്ഷിക്കപ്പെടുന്നു. മേഘാവൃതമായ അന്തരീക്ഷം, അന്തരീക്ഷ ആർദ്രത, അന്തരീക്ഷ പര്യയനം, കാറ്റ്, മണ്ണിലെ ഈർപ്പം തുടങ്ങിയ ഘടകങ്ങൾക്ക് ഏലം മേഖലയിലെ ദൈന്യം ദിന താപനിലയിൽ സ്വാധീനമുണ്ട്.
ഏലക്കൃഷി -വിവിധ മേഖലകൾ

കാലാവസ്ഥാ സൂചികകൾ, വിളയുടെ ദൈർഘ്യം, മണ്ണിൽ ലഭ്യമായ ഈർപ്പത്തിന്റെ അളവ്, മണ്ണിന്റെ ഇനം, ഉല്പാദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ ഏലം കൃഷി ചെയ്തുവരുന്ന പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കാം.
1 ദക്ഷിണ കേരളവും തമിഴ്‌നാടും
2 വയനാട് മേഖല
3 കർണാടക മേഖല

മേഖല ഒന്നിൽ മറ്റ് മേഖലകളെ അപേക്ഷിച്ച് ഉല്പാദനം , വിളവെടുപ്പിന് വേണ്ടി വരുന്ന കാലദൈർഖ്യം എന്നിവ കൂടുതലാണ്. വാർഷിക ഈർപ്പസൂചിക 90 ശതമാനത്തിന് മുകളിലും വാർഷിക താപനിലയിലെ അന്തരം താരതമ്യേന കുറവുമാണ് (14.1 °C) ഈ സാഹചര്യങ്ങൾ ഉയർന്ന ഉൽപാദനം കൈവരിക്കുന്നതിന് കാരണമാകുന്നു. രണ്ടാമത്തെ മേഖലയിൽ ഏലത്തിന്റെ പരമാവധി ഉത്പാദനം കുറവാണ്. (ഹെക്ടറൊന്നിന് 150 -200 കിലോഗ്രാം ). വാർഷിക താപനിലയിലെ അന്തരം 15.6°C) വരെയാണ്. വർഷത്തിൽ കാലവർഷം മാത്രം ലഭിക്കുന്ന ഈ മേഖലയിൽ ഉല്പാദനംവർധിപ്പിക്കുന്നതിന് ഈർപ്പ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. കേരളത്തിന്റെ തെക്കൻ മേഖലയും, തമിഴ്‍നാട്ടിലെ താണ്ടിക്കുടിയുൾപ്പെട്ട പ്രദേശങ്ങളും ഉത്പാദനം വർധിപ്പിക്കുവാൻ ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണ്.

വളക്കൂറുള്ള മണ്ണും, മഴയുടെ ലഭ്യതയും അനുകൂലമായ ഘടകങ്ങളാണ്. മൂന്നാമത്തെ മേഖലയിൽ വാർഷിക താപനിലയിലെ അന്തരത്തിൽ ഉള്ള വർദ്ധനവ് (19.1°C)കൂടുതലാകുന്നത് ഉൽപാദനത്തെ ദോഷകരമായി ബാധിക്കുന്നു.
വേനൽക്കാലത്ത് ഏലച്ചെടിക്ക് ആവശ്യമായ തോതിൽ വെള്ളം നൽകുന്നത് കൊണ്ട് മാത്രം വിളവ് 40 മുതൽ 50 ശതമാനം വരെ വര്ധിക്കുന്നുണ്ട്.

ജലസേചനം ആവശ്യമായി വരുക എപ്പോൾ

പൊതുവെ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയും ചില സമയങ്ങളിൽ ജനുവരി മുതൽ മെയ് വരെയും ജലസേചനം വേണ്ടി വരാറുണ്ട്. ചിമ്പുകളും ശരങ്ങളും പൊട്ടി വരുന്ന സമയമാണിത്. ഈ സമയത്ത് ചെടിക്ക് വേണ്ടത്ര വെള്ളവും വളവും കിട്ടിയില്ലെങ്കിൽ ഉത്പാദനം കുറയും. പരിസ്ഥിതിക്ക് വലിയ തകരാറൊന്നും ഉണ്ടാവാത്ത തടയണകളും മറ്റും കെട്ടി മഴവെള്ളം ശേഖരിക്കുകയും അത് വരൾച്ചാ സമയത്ത് ജലസേചനത്തിനും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. അതാത് തോട്ടങ്ങളിൽ ലഭ്യമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സൗകാര്യപ്രദമായ ജലസേചനരീതി വേണം സ്വീകരിക്കാൻ. കോരി നനക്കൽ, ഹോസ് ഉപയോഗിച്ച് നനക്കൽ. സ്പ്രിംഗ്ളർ, കണികാജലസേചനം എന്നീ രീതികളിൽ ഏത് വേണമെങ്കിലും അനുവർത്തിക്കാൻ.
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വളർത്തുന്ന ഏലച്ചെടികളുടെ ഇലകൾ സൂര്യാഘാതം ഏറ്റ്നശിക്കുന്നു. തണൽ ഇഷ്ട്ടപ്പെടുന്ന ചെടിയാണെങ്കിലും തീരെ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ അതും ഏലച്ചെടിക്ക് ദോഷകരമായിരിക്കും.

പ്രകാശസംശ്ലേഷണ നിരക്കിൽ കുറവ്, കൃമി-കീട- രോഗബാധ, തണൽ ചെടികളുടെ അമിതവളർച്ച തുടങ്ങിയവ ഏലച്ചെടിയുടെ വളർച്ചയെ മന്ദീഭവിപ്പിക്കും. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വളർത്തുന്ന ഏലച്ചെടികളുടെ ഇലകൾ സൂര്യാഘാതം ഏറ്റ്നശിക്കുന്നു. തണൽ ഇഷ്ട്ടപ്പെടുന്ന ചെടിയാണെങ്കിലും തീരെ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ അതും ഏലച്ചെടിക്ക് ദോഷകരമായിരിക്കും. പ്രകാശസംശ്ലേഷണ നിരക്കിൽ കുറവ്, കൃമി-കീട- രോഗബാധ, തണൽ ചെടികളുടെ അമിതവളർച്ച തുടങ്ങിയവ ഏലച്ചെടിയുടെ വളർച്ചയെ മന്ദീഭവിപ്പിക്കും. (തുടരും )

(കാലാവസ്ഥ ശാസ്ത്രജ്ഞനും കാർഷിക സർവ്വകലാശാല മുൻ സയന്റിഫിക് ഓഫീസറുമാണ് ലേഖകൻ )


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment