ആനകൾ കാടിറങ്ങുന്നതിന് കാരണം കാലാവസ്ഥ വ്യതിയാനം മാത്രമോ?

ആനകൾ കാടിറങ്ങുന്നതിന് കാരണം കാലാവസ്ഥ വ്യതിയാനം മാത്രമോ?

ആനകളും വന്യജീവികളും കൂട്ടത്തോടെ കാടിറങ്ങി നാട്ടിലെത്തുന്ന വാര്‍ത്ത ഇപ്പോള്‍ പതിവാണ്. വയനാട്ടില്‍ വന്യജീവികള്‍ കാടിറങ്ങി നാട്ടില്‍ ഭീതിവിതയ്ക്കാത്ത വാര്‍ത്തയുള്ള ഒരു ദിവസത്തെ പത്രം പോലും വയനാട്ടിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഇറങ്ങിയിട്ടുണ്ടാകില്ല. എന്താണ് മൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നതിന്റെ കാരണം. കാലാവസ്ഥാ വ്യതിയാനം മാത്രമാണോ.

പരിസ്ഥിതി, കൃഷി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിലെ ഇത്തരം വിഷയങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന പുതിയ പംക്തി metbeatnews.com ല്‍ തുടങ്ങുന്നു.

തണ്ണീര്‍ കൊമ്പൻ കണ്ണീരാകുമ്പോള്‍

കഴിഞ്ഞ ദിവസം വയനാട്ടിലെ മാനന്തവാടിയില്‍ നാട്ടിലിറങ്ങിയ തണ്ണീര്‍ കൊമ്പനെ 18 മണിക്കൂറിന് ശേഷം മയക്കുവെടിവച്ച് പിടികൂടി ബന്ദിപൂര്‍ കാട്ടിലേക്ക് അയക്കുകയും പിന്നീട് ആന ചരിയുകയുമായിരുന്നു. എന്തുകൊണ്ടാണ് ആനയും മറ്റു മൃഗങ്ങളും ഇത്തരത്തില്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത് എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇതില്‍ പ്രധാനമാണ് കാലാവസ്ഥാ വ്യതിയാനമെങ്കിലും കാലാവസ്ഥാ വ്യതിയാനം മാത്രമല്ല കാരണമെന്ന് പറയേണ്ടിവരും. കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ട മേഖലയാണിത്. നാട് നേരിടാൻ പോകുന്ന പുതിയ വെല്ലുവിളിയാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം അഥവാ Human – Animal conflict.

ആനകളുടെ ദുരൂഹ യാത്രകളെ അറിയാം

ആനകള്‍ കൂട്ടത്തോടെയും അല്ലാതെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ ദൂരൂഹ യാത്ര നടത്തുന്നതും നാട്ടിലിറങ്ങുന്നതും പുതിയ കാര്യമല്ല. പക്ഷേ അത് കൂടി വരുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ആനകൾ പലപ്പോഴും ദുരൂഹ യാത്ര നടത്തുന്നവരാണ്. ഇതെന്തിനാണെന്ന് പലപ്പോഴും ശാസ്ത്രത്തിന് കണ്ടെത്താനാകാറില്ല. പലതരം ഗവേഷണം ഈ വിഷയത്തിൽ നടക്കുന്നുണ്ട്.

ചൈനയിലെ ആനയുടെ ആ യാത്ര മറന്നോ?

2020 കാലയളവിലാണ് ചൈനയില്‍ നിന്നൊരു ആനകളുടെ യാത്ര ലോകശ്രദ്ധ നേടിയത്. ഒന്നേമുക്കാല്‍ വര്‍ഷം നീണ്ടു നിന്ന ആ യാത്ര ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇടം പിടിച്ചു. 2020 മാര്‍ച്ചിലാണ് ചൈനയിലെ സിഷ്വങ്ബന്ന വന്യജീവിസങ്കേതത്തില്‍ നിന്ന് 16 അംഗ ആന സംഘം യാത്ര തിരിച്ചത്. ഈ യാത്രയുടെ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. യാഥാര്‍ഥ കാരണം ആനകള്‍ക്കു മാത്രമേ അറിയൂ.

സിഷ്വങ്ബന്നയില്‍ നിന്ന് തൊട്ടടുത്തുള്ള പ്രദേശമായ പ്യൂയറിലെത്തിയപ്പോള്‍ കൂട്ടത്തിലുള്ള രണ്ടാനകള്‍ തിരിച്ചു സിഷ്വങ്ബന്നയിലേക്കു തന്നെ പോയിരുന്നു. അതോടെ ആനകളുടെ എണ്ണം 13 ആയി ചുരുങ്ങി. അതിനുശേഷം ഒരാന കൂട്ടം തെറ്റി പോവുകയും പുതുതായി ഒരാനക്കുട്ടി ജനിക്കുകയും ചെയ്തു. അങ്ങനെ ആകെ മൊത്തം 14 ആനകളായി ഇവര്‍ യാത്ര തുടങ്ങി.

ഒന്നരലക്ഷം പേരെയാണ് ഈ ആനസവാരിക്കുവേണ്ടി മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഏഴുകോടി രൂപയുടെ കാര്‍ഷികവും അല്ലാത്തതുമായ നഷ്ടങ്ങളാണ് ആന യാത്ര ബാക്കിയാക്കിയത്. ചൈനയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നാലരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകേണ്ടി വന്നു.

ലോകം മുഴുവൻ വീക്ഷിച്ച ആനകളുടെ യാത്ര സുരക്ഷിതമാക്കാന്‍ 25,000 പൊലിസ് ഉദ്യോഗസ്ഥരെയും 1,500 വാഹനങ്ങളെയും ചൈനീസ് അധികൃതര്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വന്നു. ആനകള്‍ക്കായി ഭക്ഷണമൊരുക്കാനും സര്‍ക്കാര്‍ മുന്നിലുണ്ടായിരുന്നു. കരിമ്പും കടച്ചക്കയും മറ്റുപഴങ്ങളുമൊക്കെ ഇവര്‍ പോയ വഴികളില്‍ അവര്‍ വിതറി. ആനകളെ നിരീക്ഷിക്കാനായി ഡ്രോണുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയിലും കാടിറക്കത്തിന് ദുരൂഹത

ചൂട് കൂടുന്നു, മൃഗങ്ങൾ കൂടുതൽ നാട്ടിലിറങ്ങും

2002 ലാണ് ഛത്തീസ്ഗഢിലേക്ക് കുറേ ആനകളെത്തി. 100 വര്‍ഷത്തിനിടെ ആദ്യമായാണ് അവിടെ ഇങ്ങനെ ആനകളെത്തിയത്. 100 വര്‍ഷത്തിനു മുന്‍പ് ആ പ്രദേശത്തെ ആനകളെ കണ്ടതായി രേഖകളുണ്ടായിരുന്നു. ആനകള്‍ക്ക് സംസ്ഥാന അതിര്‍ത്തി കടന്ന് യാത്ര ചെയ്യല്‍ പതിവാണ്. കഴിഞ്ഞ ദിവസം മാനന്തവാടിയിലെത്തിയ തണ്ണീര്‍ കൊമ്പനും എത്തിയത് കര്‍ണാടകയില്‍ നിന്നാണ്.

ഒഡീഷയില്‍ നിന്ന് ജാര്‍ഖണ്ഡ് വഴി ആനകള്‍ ചത്തീസ്ഗഢിലും അവിടെ നിന്ന് മധ്യപ്രദേശിലേക്കും എത്തിയതായി രേഖകളുണ്ട്. മധ്യപ്രദേശില്‍ നേരത്തെ ആനകളുണ്ടായിരുന്നു. പിന്നീട് 60 വര്‍ഷത്തോളം ആനകളെ കണ്ടില്ല. നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് ആനകള്‍ കൂട്ടത്തോടെ ആന്ധ്രാപ്രദേശിലേക്കും അതുപോലെ കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്കും ആനകള്‍ സഞ്ചാരം നടത്തിയിരുന്നു.

അസമില്‍ ബ്രഹ്മപുത്രയുടെ കരവഴി ആനകള്‍ കാസിരംഗയിലേക്ക് യാത്ര ചെയ്‌തെങ്കിലും അവയെ തടഞ്ഞു തിരിച്ചുവിട്ടു. ഇടയ്ക്കിടെ ഈ വഴി ആനകള്‍ യാത്ര ചെയ്യാറുണ്ട്. ഇങ്ങനെ ആനകളുടെ യാത്ര പലപ്പോഴും ചിട്ടയായുള്ളതും പ്രീ പ്ലാന്‍ ചെയ്തതുമാണെന്ന് നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. പക്ഷേ ഇതിന്റെ യഥാര്‍ഥ കാരണം ഇന്നും വ്യക്തമല്ല.

കാലാവസ്ഥാ വ്യതിയാനമാണോ ആനകളുടെ യാത്രയ്ക്ക് പിന്നിലെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ വേനല്‍ക്കാലത്ത് പലപ്പോഴും കാലാവസ്ഥാ വ്യതിയാനം തന്നെ കാരണമാകാറുണ്ടെങ്കിലും അല്ലാത്ത സീസണിലും ആനകള്‍ യാത്ര ചെയ്യുകയും കാടിറങ്ങുകയും ചെയ്യാറുണ്ട്. ഇതിന്റെ കാരണവും വ്യക്തമല്ല. അതിനാല്‍ കാലാവസ്ഥാ വ്യതിയാനം മാത്രമാണ് കാരണം എന്നു പറയാനാകില്ല. അതിനുള്ള തെളിവുകളും ലഭിച്ചിട്ടില്ല.

ഇനി ചൂട് കാലമാണ് വരുന്നത്. ആനകൾക്ക് ധാരാളം വെള്ളം വേണം. ഭക്ഷണവും. ഇപ്പോൾ കാട്ടിലും വരൾച്ച കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ കിഴക്കൻ മേഖലയിൽ ചൂട് കൂടുന്നതാണ് കണ്ടത്. കാട്ടിലെ ജലാശയങ്ങൾ വറ്റുന്നത് മൃഗങ്ങൾ നാട്ടിൽ ഇറങ്ങാൻ പ്രധാന കാരണം. മഴക്കാലത്ത് കാട്ടിൽ ജലസമൃദ്ധിയും പച്ചപ്പും പുല്ലും ഉണ്ടെങ്കിലും ഭക്ഷണ വൈവിധ്യം തേടിയാണ് ഈ സമയം ആനകൾ കാടിറങ്ങുന്നത്. ചക്ക സീസണിൽ ചക്കപ്പഴം തിന്നാനും ആനകൾ നാട്ടിൽ ഇറങ്ങാറുണ്ട്.

പരിഹാരം എന്ത്?

കാട്ടിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്താൻ പ്രകൃതിദത്ത കുളങ്ങൾ നിർമിക്കുക തുടങ്ങിയവ വനം വകുപ്പ് ചെയ്യണം. മാനുകൾ കൂട്ടത്തോടെ പെരുകുന്നത് പുൽമേടുകൾ നഷ്ടമാകാൻ ഇടയാകും. ഇത് മറ്റു മൃഗങ്ങളുടെ ഭക്ഷണം ഇല്ലാതാക്കും. ഇത്തരം മൃഗങ്ങൾ നാട്ടിൽ ഇറങ്ങുമ്പോൾ അവയെ തേടി കടുവ പോലുള്ള മൃഗങ്ങളും നാട്ടിൽ ഇറങ്ങും.

മൃഗങ്ങൾ കാട്ടിൽ സന്തുലിതമാണെന്ന് ഉറപ്പുവരുത്താൻ സർവേ നടക്കാറുണ്ട്. പക്ഷേ കാട്ടിൽ ഇടപെടൽ നടത്താൻ നമ്മുടെ നിയമങ്ങൾക്കും സംവിധാനങ്ങൾക്കും പരിമിതിയുണ്ട്. കാടിനോട് ചേർന്ന പ്രദേശങ്ങൾ താമസിയാതെ മൃഗങ്ങൾ കൈയേറും. മുൻപ് മനുഷ്യർ കാട് കൈയേറിയതുപോലെ . തീരം കടലെടുക്കും. 2050 നകം കേരളത്തിലെ നഗര സിരാകേന്ദ്രങ്ങൾ പലതും കടലെടുക്കുമെന്ന പഠനം വന്നു കഴിഞ്ഞു. നമുക്ക് വ്യക്തവും ശക്തവുമായ പരിസ്ഥിതി നയം ഇല്ലെങ്കിൽ കേരളം ജനവാസ യോഗ്യമല്ലാത്ത നാടാകും.

നാം ഇതിനകം ഏറെ വൈകിയിട്ടുണ്ട്. ഇനിയെങ്കിലും നമ്മുടെ ഭരണകർത്താക്കൾ ശാസ്ത്രീയമായി ഏറെ ദീർഘവീക്ഷണം ഉള്ളവരാകണം. എങ്കിലേ നാട്ടിൽ പുതിയ തലമുറക്ക് ജീവിതം സാധ്യമാകൂ..

© Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment