കോപ് -29 ഉച്ചകോടി: ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ കൂടുതൽ നടപടികൾ വേണം : ക്ലൈമറ്റ് ആക്ടിവിസ്റ്റുകൾ വായമൂടിക്കെട്ടി പ്രതിഷേധം നടത്തി
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കോപ് -29 ഉച്ചകോടിയില്‍ എടുത്ത തീരുമാനം പര്യാപ്തമല്ലെന്നും ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ട് ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍ വായമൂടിക്കെട്ടി പ്രതിഷേധം നടത്തി. അസര്‍ബൈജാനിലെ ബാകുവില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി അവസാനിച്ചതിനു പിന്നാലെയാണ് ആവശ്യം. 30 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2035 വരെ 300 ബില്യണ്‍ ഡോളര്‍ സമ്പന്ന രാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ഉച്ചകോടിയിലെ തീരുമാനം.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ പാശ്ചാത്യരാജ്യങ്ങളിലെ നേതാക്കള്‍ കരാര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ലക്ഷ്യത്തിലെത്താന്‍ നിര്‍ണായക ചുവടാണിതെന്നായിരുന്നു ബൈഡന്റെ പ്രതികരണം. എന്നാല്‍ ആഫ്രിക്കന്‍ ഗ്രൂപ്പ് രാജ്യങ്ങള്‍ തുക വളരെ കുറവാണെന്നും ഏറെ വൈകിയെന്നും അറിയിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സമാനരീതിയിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതിയായ തുകയില്ലെന്ന് ഇന്ത്യയുടെ പ്രതിനിധിയും പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികള്‍ക്കായി ദരിദ്ര രാജ്യങ്ങള്‍ ആവശ്യപ്പെട്ടത് 1.3 ട്രില്യണ്‍ ഡോളറിന്റെ സഹായമാണ്. വെറും 300 ബില്യണ്‍ ഡോളര്‍ വര്‍ഷം തോറും 2035 വരെ നല്‍കാമെന്ന തീരുമാനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരായ സമ്പന്ന രാജ്യങ്ങളെ സഹായിക്കാനാണെന്ന പരാതി ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.
ബ്രിട്ടന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, യു.എസ് ഉള്‍പ്പെടെ 23 രാജ്യങ്ങളാണ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ വരുന്നത്. ഇവര്‍ ഈ തുക ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കെല്ലാം വീതീക്കണം. അപ്പോള്‍ തുച്ഛമായ തുകയേ ഓരോ രാജ്യങ്ങള്‍ക്കും ലഭിക്കുകയുള്ളൂ. ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങള്‍ക്ക് ഈ തുക ഒന്നിനും തികയില്ല.
സോളാര്‍ പദ്ധതികള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കുമുള്ള സബ്‌സിഡികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്നത് പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള ഇത്തരം ഫണ്ടുകള്‍ ഉപയോഗിച്ചാണ്. ചില ചെറു ദ്വീപ് രാഷ്ട്രങ്ങളില്‍ കടല്‍ ജലനിരപ്പ് ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ഈ തുക കൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളായ സൈറ ലിയോണ്‍, സെനഗല്‍, ചെറു ദ്വീപ് രാഷ്ട്രങ്ങളായ തുവാളു, സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കും കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ തുക ആവശ്യമാണ്. തുവാളുവില്‍ കടല്‍ കരകയറി ദ്വീപ് തന്നെ ഇല്ലാതാകുമെന്ന ഭീഷണിയിലാണ്. മഞ്ഞുരുക്കം കൂടിയാല്‍ ഈ രാജ്യം തന്നെ കടലിനടിയിലാകും.
തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ കടുത്ത വരള്‍ച്ച നേരിടുന്നവരാണ്. മുന്‍ യൂറോപ്യന്‍ കോളനി രാജ്യങ്ങളും സമാന സ്ഥിതി നേരിടുന്നുണ്ട്. ഓരോ രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടുമെന്ന് അറിയാതെ പ്രതിസന്ധിയിലാണ്.
കഴിഞ്ഞ കോപ് ഉച്ചകോടികളിലൊന്നും കാണാത്ത വിധം പണത്തിന് വേണ്ടി തമ്മില്‍ തല്ലാണ് ദരിദ്ര രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളും തമ്മിലുണ്ടാകുന്നത്.