വൃശ്ചിക മാസം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ സജീവമായി വൃശ്ചികക്കാറ്റ്

വൃശ്ചിക മാസം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ സജീവമായി വൃശ്ചികക്കാറ്റ്

വൃശ്ചിക മാസം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വൃശ്ചികക്കാറ്റ് സജീവമായി. ഇപ്പോൾ വൃശ്ചിക കാറ്റ് സജീവമാണെങ്കിലും ന്യൂനമർദ്ദത്തിന്റെ സ്വാധീനം കേരളത്തിൽ ഉണ്ടാകുമ്പോൾ ഇതിൽ മാറ്റം ഉണ്ടാകും. നവംബർ 29 ഓടുകൂടി ആയിരിക്കും ന്യൂനമർദ്ദത്തിന്റെ സ്വാധീനം കേരളത്തിലേക്ക് എത്തുക. ഇപ്പോൾ
തമിഴ്നാട്ടിൽ നിന്ന് പാലക്കാടൻ ചുരം കടന്ന്‌ കുതിരാൻ മല കയറി വൃശ്‌ചികക്കാറ്റ്‌ തൃശൂരിലെത്തിയിട്ടുണ്ട്. ജില്ലയുടെ മധ്യഭാഗത്ത്‌ കൂടി നീങ്ങുന്ന ഈ കിഴക്കൻക്കാറ്റ്‌ വൃശ്‌ചികപ്പിറവിയിൽ കുളിരായ്‌ മാറുകയാണ്‌. വാളയാർ ചുരം കടക്കുന്നതോടെ കാറ്റിന്റെ ശക്തി കൂടി തുടങ്ങി. അറബിക്കടലിന്റെ തീരപ്രദേശങ്ങൾ വരെ കാറ്റ്‌ വീശും.

വൃശ്ചികക്കാറ്റ് വീശുക നവംബർ പകുതി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണ്‌. ഈ കാറ്റ്‌ വീശുക പാലക്കാട്‌, തൃശൂർ, മലപ്പുറം ജില്ലകളിൽ ചില പ്രദേശങ്ങളിലാണ്‌. ജില്ലയിൽ മലയോര മേഖല മുതൽ മധ്യഭാഗത്ത്‌ കൂടെ നീങ്ങി തീരപ്രദേശമായ കഴിമ്പ്രം, തൃപ്രയാർ, തളിക്കുളം, വാടാനപ്പിള്ളി, ചേറ്റുവ തുടങ്ങീ പ്രദേശങ്ങളിലും കാറ്റ്‌ വീശും. എന്നാൽ കരുവന്നൂർ പുഴയ്‌ക്കപ്പുറം ഈ കാറ്റ് ഉണ്ടാവില്ല. ചില വർഷങ്ങളിൽ ഒക്‌ടോബർ അവസാനം കാറ്റ്‌ വീശാറുണ്ട്. ഒന്ന്‌ വീശി പിൻവാങ്ങുകയാണ് ചെയുക. പിന്നീട്‌ നവംബറിൽ ശക്തി കൂടി വരും.

കർഷകരുടെ വില്ലൻ

ഈ കാറ്റ് കർഷകർക്കു വലിയ വില്ലനാണ്. കാറ്റ് വീശുമ്പോൾ വാഴ കർഷകരുടെ നെഞ്ചിൽ തീയാണ്. വൃശ്ചികക്കാറ്റ് എത്തുമ്പോൾ തന്നെ വാഴകൾക്ക് കുറ്റിയടിക്കാൻ കൃഷിഭവനുകളിൽ നിന്നും മറ്റും നിർദേശം നൽകും. ശക്തിയായ കാറ്റ് കശുമാവ്, മാവ്, പ്ലാവ്, നെല്ല് എന്നിവയുടെ പരാഗണത്തെ കാര്യമായി ബാധിക്കാറുണ്ട്. കാറ്റ് ജലാശയങ്ങളിലെ ബാഷ്പീകരണം കൂട്ടുകയും ചെയ്യും. പ്രതിദിന ബാഷ്‌പീകരണതോത്‌ ശരാശരി അഞ്ച്‌ മില്ലി മീറ്ററാണ്‌. 15 മില്ലി മീറ്ററായി കാറ്റുള്ളപ്പോൾ ഉയരും. ജലാശയങ്ങൾ വേഗം വറ്റാനിടയാക്കും. വിളകളെയും ബാധിക്കുമെന്ന്‌ കാലാവസ്ഥാ ഗവേഷകൻ ഡോ.ഗോപകുമാർ ചോലയിൽ പറയുന്നു. അതിനനുസൃതമായി വിളകള്‍ക്ക് നേരത്തെ ജലസേചനം നടത്തുകയും വേണം. കാറ്റ് ഇടതടവില്ലാതെ വരുമ്പോൾ പാടശേഖരങ്ങളിലെ നീരു വറ്റും. അപ്പോൾ മറ്റു ജലസേചന മാർഗങ്ങൾ കർഷകർ തേടുകയാണ് പതിവ്.

ശരീരത്തിനും നല്ലതല്ല വൃശ്ചികക്കാറ്റ്

ശരീരത്തിനും അത്ര നല്ലതല്ല വൃശ്ചികക്കാറ്റ്. മുഖവും തൊലിയുമൊക്കെ വലിഞ്ഞു മുറുകുന്ന അവസ്ഥയുണ്ടാകും . ഉപ്പൂറ്റിയിൽ വിണ്ടുകീറുന്ന പ്രശ്നം ഇല്ലാത്തവർ ചുരുക്കമായിരിക്കും. വൃശ്ചികക്കാറ്റ് രാവിലെയാണ് ഉണ്ടാവുക . 11 മണിയോടെ കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങും . ഉച്ചയോടെ കാറ്റ് ഏറെക്കുറെ ഇല്ലാതായി തുടങ്ങും . പിന്നെ, വൈകിട്ട് കാറ്റ് മെല്ലെ തല പൊക്കുമെങ്കിലും രാവിലത്തെ അത്ര തന്നെ പ്രശ്നക്കാരനാവാറില്ല .

വർദ്ധിച്ച തണുപ്പ് കാറ്റിനൊപ്പമെത്തുന്നത് പടിഞ്ഞാറൻ ശല്യം എന്ന പ്രതിഭാസം ആണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ശൈത്യകാലത്ത് യൂറോപ്പിൽ നിന്നു മെഡിറ്ററേനിയൻ കടൽ കടന്ന് ഇന്ത്യയിലേക്കു വീശുന്ന കാറ്റിന്റെ ഗതി മാറിയതാണ് ഇതെന്നും പറയുന്നു .

വൃശ്ചിക കാറ്റിനും താളപ്പിഴ

മഴപോലെ വൃശ്ചികക്കാറ്റും കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിൽ അകപ്പെട്ടെന്നാണു പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ ദശകത്തിലെ കാറ്റിന്റെ വേഗക്കണക്കിൽ ( കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠനഗവേഷണ കേന്ദ്രം പഠനം) ഉണ്ടായത് കാര്യമായ ഏറ്റക്കുറച്ചിൽ ആണ്. കാറ്റിന്റെ തുടക്കം, ഒടുക്കം, പരമാവധി വേഗം എന്നിവയാണ് പ്രധാനമായി നിരീക്ഷിക്കുക. പാലക്കാടൻ ചുരങ്ങളാണ് കിഴക്കൻ മേഖല കടന്നുവരുന്ന കാറ്റിനു വേഗം നൽകുന്നത്. ചുരങ്ങൾക്കിടയിലൂടെ കടക്കുമ്പോൾ മർദം കൂടുന്നതിനനുസരിച്ച് (ടണൽ ഇഫക്ട്) വേഗവും കൂടും. സാധാരണ വൃശ്ചിക കാറ്റിന്റെ കാലം നവംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെയാണ്.

കഴിഞ്ഞ ദശകത്തിലാണ് വൃശ്ചിക കാറ്റിന്റെ സ്വാഭാവിക താളക്രമം (Rhythamic Pattern) തെറ്റാൻ തുടങ്ങിയതെന്ന് പഠനങ്ങൾ. ഡിസംബറിൽ ആരംഭിച്ച് മാർച്ച് വരെ കാറ്റടിച്ച വർഷങ്ങളും ഉണ്ടായിട്ടുണ്ട് . പതിവിനു വിപരീതമായി ഒക്ടോബർ അവസാനത്തോടെ കാറ്റു വീശി നേരത്തെ പിൻവാങ്ങിയ ചരിത്രവും ഉണ്ട്.

വൃശ്ചിക കാറ്റിന്റെ ശരാശരി വേഗം 2009–10 കാലഘട്ടത്തിൽ മണിക്കൂറിൽ 15 കിലോമീറ്ററാണ് അടയാളപ്പെടുത്തിയത്. തുടർ വർഷങ്ങളിൽ കാറ്റിന്റെ വേഗം താഴോട്ടുപോയിരുന്നു. പൊതുവേ വേഗം കൂടുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പോലും പഴയ ആ വേഗം വൃശ്ചിക കാറ്റു നൽകിയിരുന്നില്ല.

2016–17 വർഷങ്ങളിൽ രണ്ടു ദിവസങ്ങളിൽ മാത്രമാണ് 12 കിലോമീറ്റർ വേഗത്തിലെങ്കിലും കാറ്റു വീശിയത് .

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.